തിരുവനന്തപുരം: എസ്.എം.എ (സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി) മരുന്ന് വിവാദത്തില്‍ മുന്‍ ആരോഗ്യമന്ത്രിമാര്‍ നടത്തിയ വാര്‍ത്താസമ്മേളനം തിരിച്ചടിയായെന്ന് സി.പി.ഐ.എം നേതാക്കളുടെ വിലയിരുത്തല്‍. ജനറിക് മരുന്നുകളെക്കുറിച്ചുള്ള പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാട് മറന്നാണ് നേതാക്കള്‍ സംസാരിച്ചതെന്നും വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ച വാദങ്ങളില്‍ ഗുരുതരമായ പിശക് സംഭവിച്ചെന്നുമാണ് പാര്‍ട്ടിയിലുയരുന്ന പ്രധാന വിമര്‍ശനം. എസ്.എം.എ ബാധിതരായ കുട്ടികളുടെ രക്ഷിതാക്കളുടെ ആശങ്കകള്‍ മുന്‍നിര്‍ത്തി വിഷയം ഉന്നയിക്കുന്നതിന് പകരം, കേവലം മരുന്ന് പരീക്ഷണ വാദം മാത്രം ഉയര്‍ത്തിക്കാട്ടിയത് വലിയ വീഴ്ചയാണെന്ന് നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു.
വിഷയം അവതരിപ്പിച്ചതില്‍ പാളിച്ച പറ്റി എന്ന വിലയിരുത്തല്‍ ശക്തമായതോടെ നേതാക്കള്‍ ഈ വിഷയത്തില്‍ മൗനം തുടരുകയാണ്. സര്‍ക്കാരുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ സജീവമായി പ്രതികരിക്കാറുള്ള പ്രമുഖ നേതാക്കളാരും തന്നെ നിലവിലെ സാഹചര്യത്തില്‍ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. മരുന്ന് കമ്പനി മേധാവി ആശുപത്രി സൂപ്രണ്ടിനൊപ്പം മന്ത്രിയെ കണ്ടത് ചട്ടവിരുദ്ധമാണെന്ന് മുന്‍ ആരോഗ്യമന്ത്രി പി.കെ. ശ്രീമതി വിമര്‍ശിച്ചിരുന്നു.
അതേസമയം, എസ്.എം.എ ബാധിതരായ കുട്ടികളെ മരുന്ന് പരീക്ഷണത്തിന് വിധേയമാക്കിയത് തെറ്റായ നടപടിയാണെന്ന് കെ.കെ. ശൈലജയും ആരോപിച്ചിരുന്നു. കുട്ടികള്‍ക്ക് ക്ലിനിക്കല്‍ ട്രയലിനുള്ള മരുന്ന് നല്‍കിയത് ഗുരുതരമായ തെറ്റാണെന്നായിരുന്നു സി.പി.ഐ.എമ്മിന്റെയും നിലപാട്. എന്നാല്‍ ഇത്തരം വാദങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാക്കി എന്നാണ് ഉയര്‍ന്ന വിമര്‍ശനം.


Comments
No comments yet. Be the first to comment!
Leave a Comment