തിരുവനന്തപുരം: വന്യജീവി ആക്രമണങ്ങളില്‍ സംഭവിക്കുന്ന കൃഷിനാശത്തിനുള്ള നഷ്ടപരിഹാര തുക സംസ്ഥാന സര്‍ക്കാര്‍ ഇരട്ടിയാക്കി (100% വര്‍ധനവ്). ഇതോടൊപ്പം നഷ്ടപരിഹാരത്തിനുള്ള പരമാവധി പരിധിയും അപേക്ഷകളുടെ എണ്ണത്തിലുള്ള നിയന്ത്രണങ്ങളും പൂര്‍ണമായും ഒഴിവാക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി.
പുതിയ ഉത്തരവ് പ്രകാരം കാര്‍ഷികോല്‍പ്പന്നങ്ങളായ തേങ്ങയും കൊക്കോയും ആദ്യമായി നഷ്ടപരിഹാര പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നാശനഷ്ടം സംഭവിക്കുന്ന തേങ്ങ ഒന്നിന് 15 രൂപ നിരക്കിലും, കൊക്കോയ്ക്ക് കിലോഗ്രാമിന് 30 രൂപ നിരക്കിലുമായിരിക്കും നഷ്ടപരിഹാരം നല്‍കുക. കഴിഞ്ഞ 10 വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചപ്പോള്‍ കൃഷിനാശത്തിന് ലഭിച്ചുകൊണ്ടിരുന്ന തുക വളരെ കുറവാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന്, നഷ്ടപരിഹാരം വര്‍ധിപ്പിക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് സമര്‍പ്പിച്ച ശുപാര്‍ശ അംഗീകരിച്ചാണ് ഈ നടപടി.
കൃഷിക്കോ കാര്ഷികോല്പ്പന്നങ്ങള്ക്കോ നാശനഷ്ടമുണ്ടായാല്‍ തുക കൃത്യമായി തിട്ടപ്പെടുത്തുന്നതിനായി 72 മണിക്കൂറിനുള്ളിലോ പരമാവധി രണ്ടാഴ്ചയ്ക്കുള്ളിലോ വിവരം അധികൃതരെ അറിയിക്കേണ്ടതാണ്. തുടര്‍ന്ന് മാനദണ്ഡങ്ങള്‍ പാലിച്ച് ആറ് മാസത്തിനകം ഔദ്യോഗികമായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകരുടെ അര്‍ഹത സംബന്ധിച്ച നിബന്ധനകളില്‍ മാറ്റമില്ലെന്നും വനംവകുപ്പ് വ്യക്തമാക്കുന്നു. സംസ്ഥാനത്ത് കാട്ടാന, കാട്ടുപന്നി, മുള്ളന്‍പന്നി, പുലി എന്നിവയുടെ ശല്യവും കൃഷിനാശവും രൂക്ഷമായി തുടരുന്നതിനിടയിലാണ് കര്‍ഷകര്‍ക്ക് ആശ്വാസകരമായ ഈ പ്രഖ്യാപനം.


Comments
No comments yet. Be the first to comment!
Leave a Comment