23/10/2026
Kerala News

പി.പി. ദിവ്യക്കെതിരെ വിജിലന്‍സ് അന്വേഷണം; ഭര്‍ത്താവിന്റെ സ്വത്തുക്കളും പരിശോധിക്കും

 പി.പി. ദിവ്യക്കെതിരെ വിജിലന്‍സ് അന്വേഷണം; ഭര്‍ത്താവിന്റെ സ്വത്തുക്കളും പരിശോധിക്കും


തിരുവനന്തപുരം: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ പി.പി. ദിവ്യയുടെ നേതൃത്വത്തില്‍ നടന്നതായി ആരോപിക്കപ്പെടുന്ന ക്രമക്കേടുകളില്‍ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കി. ദിവ്യയുടെയും ഭര്‍ത്താവിന്റെയും സ്വത്തുക്കളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കും. കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് നല്‍കിയ പരാതിയിലാണ് നടപടി. അഴിമതി നിരോധന നിയമത്തിലെ 17(എ) വകുപ്പ് പ്രകാരമാണ് അന്വേഷണത്തിന് അനുമതി നല്‍കിയിരിക്കുന്നത്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ സെക്രട്ടറി അബ്ദുല്‍ ലത്തീഫിനെതിരെയും അന്വേഷണം നടക്കും.

ടെന്‍ഡര്‍ നടപടികള്‍ പാലിക്കാതെ കാര്‍ട്ടണ്‍ ഇന്ത്യ അലയന്‍സ് എന്ന കമ്പനിക്ക് നിര്‍മ്മാണ കരാറുകള്‍ നല്‍കിയെന്നാണ് പ്രധാന ആരോപണം. ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഏകദേശം 11 കോടി രൂപയുടെ കരാറുകള്‍ കമ്പനിക്ക് ലഭിച്ചെന്നാണ് മുഹമ്മദ് ഷമ്മാസിന്റെ പരാതി. കമ്പനി ദിവ്യയുടെ ബിനാമിയാണെന്നും അദ്ദേഹം ആരോപിക്കുന്നു.

കണ്ണൂര്‍ പാലക്കയം തട്ടില്‍ കാര്‍ട്ടണ്‍ ഇന്ത്യ അലയന്‍സ് കമ്പനി ഡയറക്ടര്‍ മുഹമ്മദ് ആസിഫും ദിവ്യയുടെ ഭര്‍ത്താവ് അജിത്തും ചേര്‍ന്ന് നാലേക്കര്‍ ഭൂമി വാങ്ങിയെന്നും ഷമ്മാസ് ആരോപിച്ചിട്ടുണ്ട്. ഭൂമി രജിസ്റ്റര്‍ ചെയ്തതുമായി ബന്ധപ്പെട്ട രേഖകളും അദ്ദേഹം നേരത്തെ പുറത്തുവിട്ടിരുന്നു. കരാറുകളും ഭൂമി ഇടപാടുകളും തമ്മിലുള്ള ബന്ധവും അന്വേഷണത്തില്‍ പരിശോധിക്കപ്പെടുമെന്നാണ് പ്രതീക്ഷ.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement