ദില്ലി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വിദേശയാത്രയെച്ചൊല്ലി കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള വാക്പോര് ശക്തമാകുന്നു. സര്‍ക്കാരിനെതിരായ പ്രതിഷേധത്തിന് രാഹുല്‍ ഗാന്ധി നല്കിയ ദില്ലി ചലോ ആഹ്വാനം ഏറ്റെടുത്ത് എത്തിയവര്‍ തീഹാര്‍ ജയിലിലായെന്നും രാഹുല്‍ വിദേശത്ത് സുഖിക്കുകയാണെന്നും ബിജെപി പരിഹസിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാര്‍ലമെന്റ് സമ്മേളനത്തിനിടെ വിദേശയാത്രകള്‍ നടത്താറുണ്ടെന്നും ഔദ്യോഗിക ചുമതലകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് രാഹുല്‍ വിദേശത്തേക്ക് പോയതെന്നും കോണ്‍ഗ്രസ് തിരിച്ചടിച്ചു.
ഗോവയില്‍ നടന്ന കോണ്‍ഗ്രസ് റാലിക്ക് ശേഷം രാഹുല്‍ ഗാന്ധി ദില്ലിയിലേക്ക് മടങ്ങിയില്ല. പിന്നീട് വിമാനത്തിലിരിക്കുന്ന രാഹുലിന്റെ ദൃശ്യങ്ങള്‍ ബിജെപി നേതാക്കളുടെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പ്രചരിച്ചതോടെയാണ് വിവാദം ശക്തമായത്. പതിവ് മുങ്ങല്‍ ഇത്തവണ വിയറ്റ്നാമിലേക്ക് എന്ന തരത്തിലുള്ള പരിഹാസങ്ങളോടെയാണ് ബിജെപി നേതാക്കള്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്.
ദില്ലിയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ടും രാഹുലിനെതിരെ ബിജെപി നേതാക്കള്‍ പരിഹാസവുമായി രംഗത്തെത്തി. നുണകള്‍ പറഞ്ഞ് മടുത്തതിനാല്‍ ചെറിയൊരു അവധി ആസ്വദിച്ച് തിരിച്ചുവരാമെന്നാണ് രാഹുലിന്റെ നിലപാടെന്ന തരത്തിലായിരുന്നു വിമര്‍ശനം. വിദേശയാത്രയുടെ വിശദാംശങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിടണമെന്നും ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസിനെയും ഇന്ത്യാ സഖ്യത്തെയും പ്രതിസന്ധിയിലാക്കി രാഹുല്‍ വിദേശത്തേക്ക് പോയെന്ന വിമര്‍ശനവും ബിജെപി നേതാക്കള്‍ ഉന്നയിച്ചു.
ഭരണമാറ്റം വോട്ടിലൂടെയാണ് സാധ്യമാകേണ്ടതെന്നും വിദേശയാത്ര കഴിഞ്ഞ് തിരിച്ചെത്തി പ്രതിഷേധം തുടരുന്നതിലൂടെ ഭരണമാറ്റം സ്വപ്നം കാണേണ്ടതില്ലെന്നും ബിജെപി നേതാവ് ഷാനവാസ് ഹുസൈന് പ്രതികരിച്ചു.


Comments
No comments yet. Be the first to comment!
Leave a Comment