തിരുവനന്തപുരം: തുലാവര്‍ഷം ശക്തമായതും ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനവും കാരണം കേരളത്തില്‍ അടുത്ത നാല് ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. ഇന്ന് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.
ശക്തമായ മഴയ്ക്കും ഇടിമിന്നലിനും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുന്നതിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
നാളെ എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്.
അറബിക്കടലില്‍ നിലവിലുള്ള ന്യൂനമര്‍ദ്ദത്തിന് പുറമെ വരും ദിവസങ്ങളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രണ്ട് ന്യൂനമര്‍ദ്ദങ്ങള്‍ കൂടി രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇവയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ കൂടുതല്‍ ശക്തമാകുമെന്നാണ് കാലാവസ്ഥാ വിലയിരുത്തല്‍.
മഴ ശക്തമാകുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നല്കുന്ന മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും നിര്‍ദേശമുണ്ട്.


Comments
No comments yet. Be the first to comment!
Leave a Comment