21/10/2026
Kerala News

എസ്ബിഐയില്‍ വന്‍ സുരക്ഷാ വീഴ്ച; 3.75 ലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബ്ബില്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്

എസ്ബിഐയില്‍ വന്‍ സുരക്ഷാ വീഴ്ച; 3.75 ലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബ്ബില്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്


ദില്ലി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ (എസ്ബിഐ) വന്‍ സുരക്ഷാ വീഴ്ചയുണ്ടായതായി റിപ്പോര്‍ട്ട്. ലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ഡാര്‍ക്ക് വെബ്ബില്‍ ചോര്‍ന്നതായാണ് കണ്ടെത്തല്‍. ആകെ 3.75 ലക്ഷം ഉപഭോക്തൃ റെക്കോര്‍ഡുകളാണ് പുറത്തായതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഇതില്‍ 3,897 റെക്കോര്‍ഡുകളില്‍ വ്യക്തികളെ നേരിട്ട് തിരിച്ചറിയാന്‍ കഴിയുന്ന അതീവ രഹസ്യ വിവരങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉപഭോക്താക്കളുടെ പേര്, ജനനത്തീയതി, മൊബൈല്‍ നമ്പര്‍, മേല്‍വിലാസം, ഇമെയില്‍ വിലാസം തുടങ്ങിയ നിര്‍ണായക വിവരങ്ങളാണ് ചോര്‍ന്നതെന്നാണ് വിവരം.

ഡിഫന്‍സ് സൈബര്‍ ഏജന്‍സിയും ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമും (CERT-In) നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്നാണ് വിവരച്ചോര്‍ച്ച പുറത്തുവന്നത്. ഒക്ടോബര്‍ 16-നാണ് ഇക്കാര്യം സംബന്ധിച്ച മുന്നറിയിപ്പ് എസ്ബിഐക്ക് കൈമാറിയത്. തുടര്‍ന്ന് ബാങ്ക് വിവരച്ചോര്‍ച്ചയെക്കുറിച്ച് സെബിയെ (SEBI) അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

സംഭവത്തില്‍ ആവശ്യമായ പരിഹാര നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. വിവരങ്ങള്‍ ചോര്‍ന്നതിന്റെ ഉറവിടവും വ്യാപ്തിയും കണ്ടെത്തുന്നതിനായി സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement