ആലപ്പുഴ: ഹരിപ്പാടില്‍ പട്ടിണി കിടന്ന് മരിച്ച രണ്ടു വയസ്സുകാരന് രാഹുലിന്റെ മരണത്തില്‍ പിതാവ് രാജേഷിനെതിരെ പൊലീസ് കേസെടുക്കും. രാഹുലിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി ബിന്ദു കൃഷ്ണയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാഹുലിന്റെ മരണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ആഭ്യന്തര മന്ത്രിയെ ധരിപ്പിച്ചിട്ടുണ്ടെന്നും, ഈ കുടുംബത്തിലെ ആദ്യ കുട്ടിയുടെ മരണത്തിലും സമഗ്രമായ അന്വേഷണം ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. രക്ഷിതാക്കള്‍ക്കൊപ്പം കുട്ടികള്‍ സുരക്ഷിതരെല്ലന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ നവജാത ശിശുവിനെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (CWC) ഏറ്റെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കുട്ടി പട്ടിണി കിടന്ന് മരിക്കാനിടയായ സാഹചര്യം ഏറെ സങ്കടകരമാണെന്നും അവര്‍ പ്രതികരിച്ചു.
കുട്ടികളെ ഉപയോഗിച്ച് പണം പിരിവ് നടത്തി എന്നതടക്കമുള്ള ഗുരുതര കണ്ടെത്തലുകള്‍ അടങ്ങിയ സോഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ട് നേരത്തെ ശിശുക്ഷേമ സമിതിക്ക് മുന്നിലെത്തിയിരുന്നു. മാതാവിന്റെ സമ്മതമില്ലെങ്കിലും പ്രത്യേക സാഹചര്യത്തില്‍ നവജാത ശിശുവിനെ ഏറ്റെടുക്കാന്‍ നിയമതടസ്സങ്ങളില്ലെന്ന് ജില്ലാ സി.ഡബ്ല്യു.സി. ചെയര്‍പേഴ്സണ്‍ ഡോ. ഗീത വി. വ്യക്തമാക്കിയിട്ടുണ്ട്. ഈ കുടുംബത്തിലെ നാല് പെണ്‍കുട്ടികളെ സി.ഡബ്ല്യു.സി. നേരത്തെ തന്നെ ഏറ്റെടുത്തിരുന്നു.
ജനപ്രതിനിധികളുടെ പരാതിയെ തുടര്‍ന്ന് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ തയ്യാറാക്കിയ സോഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ടില്‍ അതീവ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഉള്ളത്. അയല്‍വാസികളില്‍ നിന്നും നാട്ടുകാരില്‍ നിന്നും പണം പിരിക്കാന്‍ മാതാപിതാക്കള്‍ കുട്ടികളെ ഉപയോഗപ്പെടുത്തിയിരുന്നു. അയല്‍വാസികള്‍ നല്കുന്ന ഭക്ഷണം പോലും കുട്ടികള്‍ക്ക് നല്‍കാതെ രാജേഷും താരയും ചേര്‍ന്ന് കഴിക്കുകയായിരുന്നു പതിവ്. ആശാ വര്‍ക്കര്‍മാര്‍ എത്തിക്കുന്ന പോഷകാഹാരങ്ങളും കുട്ടികള്‍ക്ക് നല്‍കിയിരുന്നില്ല. ഇരുവരുടെയും മദ്യപാനവും കുട്ടികളുടെ മുന്നില്‍ വെച്ചായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.


Comments
No comments yet. Be the first to comment!
Leave a Comment