Wednesday, October 7, 2026
Kerala News

അടൂര്‍ പ്രകാശിന്റെ പരാതി; എഐസിസി പ്രതികരണത്തിനായി കാത്ത് കോണ്‍ഗ്രസ് നേതാക്കള്‍

അടൂര്‍ പ്രകാശിന്റെ പരാതി; എഐസിസി പ്രതികരണത്തിനായി കാത്ത് കോണ്‍ഗ്രസ് നേതാക്കള്‍



ന്യൂഡല്‍ഹി: മുഖ്യമന്ത്രി വി.ഡി. സതീശന്‍ കൂടിയാലോചനയില്ലാതെ തീരുമാനങ്ങള്‍ എടുക്കുന്നുവെന്ന യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ പരാതിയില്‍ എഐസിസിയുടെ പ്രതികരണത്തിനായി കാത്ത് കോണ്‍ഗ്രസ് നേതാക്കള്‍. അടൂര്‍ പ്രകാശ്, മുഖ്യമന്ത്രി വി.ഡി. സതീശന്‍, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എന്നിവര്‍ നിലവില്‍ ഡല്‍ഹിയിലാണ്.

ബോര്‍ഡ്, കോര്‍പറേഷന്‍ നിയമനങ്ങളില്‍ ആവശ്യമായ കൂടിയാലോചനകള്‍ നടത്താതെ തീരുമാനമെടുക്കുന്നുവെന്നാണ് അടൂര്‍ പ്രകാശിന്റെ പ്രധാന പരാതി. കെപിസിസി ആസ്ഥാനത്ത് വാര്‍ത്താസമ്മേളനം നടത്തി അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെയാണ് അദ്ദേഹം ഡല്‍ഹിയിലെത്തിയത്. ഇന്നലെ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ നേരില്‍ കണ്ട് അടൂര്‍ പ്രകാശ് പരാതികള്‍ ഉന്നയിച്ചിരുന്നു. രാഹുല്‍ ഗാന്ധിയെയും വിഷയത്തില്‍ ധരിപ്പിക്കാനുള്ള നീക്കത്തിലാണ് അദ്ദേഹം.

കേന്ദ്ര വൈദ്യുതി മന്ത്രിയെ കാണുന്നതിനായി ഡല്‍ഹിയിലെത്തിയ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും ജിഎസ്ടി യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ മുഖ്യമന്ത്രി വി.ഡി. സതീശനും തമ്മില്‍ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ അടൂര്‍ പ്രകാശിന്റെ പരാതിയും ചര്‍ച്ചയായി. നേരത്തെ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി സണ്ണി ജോസഫും വിഷയം ചര്‍ച്ച ചെയ്തിരുന്നു.

അതേസമയം, പാര്‍ട്ടിക്കുള്ളില്‍ ഉന്നയിക്കേണ്ട വിഷയങ്ങള്‍ പരസ്യമായി പറയുന്നത് കടുത്ത അച്ചടക്ക ലംഘനമാണെന്നാണ് വി.ഡി. സതീശന്‍ പക്ഷത്തിന്റെ നിലപാട്. അടൂര്‍ പ്രകാശിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം വിമര്‍ശനങ്ങളും ശക്തമാണ്.

അടൂര്‍ പ്രകാശിന്റെ പേര് പരാമര്‍ശിക്കാതെയും വിമര്‍ശനവുമായി കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദും രംഗത്തെത്തി. സര്‍ക്കാരിന്റെ നല്ല തീരുമാനങ്ങള്‍ ചിലര്‍ അറിയാതിരുന്നത് നന്നായെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.


Related News

Comments

No comments yet. Be the first to comment!

Leave a Comment