Wednesday, October 7, 2026
Kerala News

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഒപ്പ് വിവാദം; പരാതിയില്‍ ഉറച്ച് LDF, ആരോപണം വ്യാജമെന്ന് BJP

 തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഒപ്പ് വിവാദം; പരാതിയില്‍ ഉറച്ച് LDF, ആരോപണം വ്യാജമെന്ന് BJP

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണസമിതിയെ പ്രതിസന്ധിയിലാക്കി ബിജെപി കൗണ്‍സിലര്‍ ആര്‍. സുഗതന്റെ വ്യാജ ഒപ്പ് വിവാദം ശക്തമാകുന്നു. കാപ്പാ കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് ഫെബ്രുവരി മുതല്‍ കൗണ്‍സില്‍ യോഗങ്ങളില്‍ പങ്കെടുക്കാതിരുന്ന സുഗതന്‍ വ്യാജ ഒപ്പിട്ടു എന്ന ആരോപണത്തില്‍ എല്‍.ഡി.എഫ് ഉറച്ചുനില്‍ക്കുകയാണ്. വിവരാവകാശ നിയമപ്രകാരം ലഭിച്ച ഹാജര്‍ രജിസ്റ്ററിന്റെ അടിസ്ഥാനത്തിലാണ് സി.പി.ഐ.എം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എസ്.പി. ദീപക് ആരോപണം ഉന്നയിച്ചത്.

ഫെബ്രുവരി 26, മാര്‍ച്ച് 11, ഏപ്രില്‍ 27 തീയതികളിലെ കൗണ്‍സില്‍ യോഗങ്ങളിലാണ് ക്രമക്കേട് നടന്നത്. തുടര്‍ച്ചയായി ആറുമാസം യോഗങ്ങളില്‍ പങ്കെടുത്തില്ലെങ്കില്‍ അയോഗ്യനാകുമെന്ന ചട്ടമുള്ളതിനാല്‍, സുഗതനെ സംരക്ഷിക്കാന്‍ മേയര്‍ വി. വി. രാജേഷിന്റെ ഓഫീസ് കേന്ദ്രീകരിച്ചാണ് വ്യാജ ഒപ്പിട്ടതെന്നും ദീപക് ആരോപിച്ചു. എന്നാല്‍ ഈ ആരോപണങ്ങള്‍ ബിജെപി ഭരണസമിതി പൂര്‍ണമായും തള്ളി.

അതേസമയം, സംഭവത്തില്‍ സി.പി.ഐ.എം പോലീസ് കമ്മീഷണര്‍ക്ക് രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്. എല്‍.ഡി.എഫിന്റെ പരാതി ഗൗരവമുള്ളതാണെന്നും ആഭ്യന്തരവകുപ്പ് അന്വേഷണം നടത്തുമെന്നും യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് കെ.എസ്. ശബരീനാഥന്‍ വ്യക്തമാക്കി. പരാതിയുടെ അടിസ്ഥാനത്തില്‍ കന്റോണ്‍മെന്റ് എസിപി വിഷയം അന്വേഷിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment