കൊച്ചി: ആസൂത്രണ ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട ചോദ്യപേപ്പര്‍ ക്രമക്കേട് ആരോപണത്തില്‍ പി.എസ്.സിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. പി.എസ്.സി ക്രമക്കേട് നടത്തിയിട്ടുണ്ടെങ്കില്‍ അന്വേഷണം നടത്തേണ്ടതല്ലേയെന്ന് കോടതി ചോദിച്ചു. അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് പി.എസ്.സി നല്കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍.
അന്വേഷണം തടയണമെന്ന പി.എസ്.സിയുടെ ആവശ്യം എങ്ങനെ അംഗീകരിക്കാനാകുമെന്നും കോടതി ചോദിച്ചു. കോടിക്കണക്കിന് ജനങ്ങളുടെ പ്രതീക്ഷയാണ് പി.എസ്.സി എന്നും ഗുരുതരമായ ആരോപണമാണ് ഉയര്‍ന്നിരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ആരോപണങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇത് പ്രഥമദൃഷ്ട്യാ അഴിമതിയല്ലേയെന്നും കോടതി ചോദിച്ചു.
58 ചോദ്യങ്ങള്‍ മാറ്റിയത് എങ്ങനെയാണെന്നും ഇതുതന്നെയല്ലേ അഴിമതി എന്ന് പറയുന്നതെന്നും കോടതി നിരീക്ഷിച്ചു. ചോദ്യം ചെയ്യല്‍ അന്വേഷണത്തിന്റെ പ്രാഥമിക നടപടി മാത്രമാണെന്നും വിവരങ്ങള്‍ ശേഖരിക്കാനാണ് ആളുകളെ വിളിക്കുന്നതെന്നും കോടതി വ്യക്തമാക്കി. പിന്നെ എന്തിനാണ് ഇതിനെ എതിര്‍ക്കുന്നതെന്നും കോടതി ചോദിച്ചു.
ക്രമക്കേടുമായി ബന്ധപ്പെട്ട് 180 പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പി.എസ്.സി ചെയര്മാന് ഉള്‍പ്പെടെയുള്ളവര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സഹകരിക്കുന്നില്ലെങ്കില്‍ അടുത്ത നടപടികളിലേക്ക് കടക്കുമെന്നും നിര്‍ബന്ധിത നടപടികള്‍ സ്വീകരിക്കേണ്ടി വരില്ലേയെന്നും കോടതി ചോദിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment