പാലക്കാട്: പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയ ഇ എൻ സുരേഷ് ബാബുവിനെതിരെ കൂടുതൽ അച്ചടക്ക നടപടി പരിഗണിച്ച് പാർട്ടി നേതൃത്വം. പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുന്നതടക്കമുള്ള നടപടികളാണ് പരിഗണനയിലുള്ളതെന്നാണ് വിവരം. വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾക്ക് ശേഷം ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് സൂചന.
സുരേഷ് ബാബുവിനെതിരെ ഒരു യുവതി പാർട്ടി നേതൃത്വത്തിന് പരാതി നൽകിയിരുന്നു. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെയാണ് പരാതി നൽകിയതെന്നാണ് വിവരം. പാലക്കാട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ വച്ച് പരാതിക്കിടയാക്കിയ സംഭവം നടന്നതായും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പരാതിയുടെ ഗൗരവം കണക്കിലെടുത്താണ് നേതൃത്വം തുടർനടപടികൾ ആലോചിക്കുന്നത്.
സുരേഷ് ബാബുവിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ടതായും റിപ്പോർട്ടുകളുണ്ട്. സുരേഷ് ബാബുവിനെ മലപ്പുറത്തേക്ക് വിളിച്ചുവരുത്തി പരാതി വായിച്ചു കേൾപ്പിച്ചു. തുടർന്ന് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിനിൽക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, നടപടി ലൈംഗികാരോപണവുമായി ബന്ധപ്പെട്ടതാണെന്ന വിവരം പുറത്തുവരരുതെന്ന് സുരേഷ് ബാബു ആവശ്യപ്പെട്ടതായും സൂചനയുണ്ട്.
ഇന്നലെയാണ് സുരേഷ് ബാബുവിനെ പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയത്. മുൻ എംഎൽഎ വി. ചെന്താമരാക്ഷനെയാണ് പുതിയ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം.
തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാർട്ടിയിൽ നടക്കുന്ന തിരുത്തൽ നടപടികളുടെ ഭാഗമായാണ് ജില്ലാ സെക്രട്ടറി മാറ്റമെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ സമ്മേളന കാലയളവിന് പുറത്തായി ജില്ലാ സെക്രട്ടറിയെ മാറ്റിയത് അസാധാരണ നടപടിയായാണ് വിലയിരുത്തപ്പെടുന്നത്.
സുരേഷ് ബാബുവിനെതിരായ പരാതിയിലും തുടർ അച്ചടക്ക നടപടികളിലും സിപിഎം സംസ്ഥാന നേതൃത്വം സ്വീകരിക്കുന്ന നിലപാട് നിർണായകമാകും.
Comments
No comments yet. Be the first to comment!
Leave a Comment