തൃശ്ശൂര്‍: തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് സംസ്ഥാന നേതൃത്വത്തിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് സിപിഐഎം തൃശ്ശൂര്‍ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തില്‍ പ്രതിനിധികളുടെ വിമര്‍ശനം. സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചകള്‍ മറച്ചുവെച്ച് കീഴ് ഘടകങ്ങളെ മാത്രം വിമര്‍ശിക്കുകയാണെന്ന ഗുരുതര ആരോപണവും ഉയര്‍ന്നു.
പാര്‍ട്ടിയുടെ ലോക്കല്‍ ബ്രാഞ്ച് ഘടകങ്ങളില്‍ പലതും പ്രവര്‍ത്തനരഹിതമാണെന്നും തൃശ്ശൂരില്‍ ന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്താന്‍ കഴിയാത്തത് സംഘടനാപരമായ വീഴ്ചയാണെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
ഗുരുവായൂര്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ ഇടപെട്ട് സാധാരണക്കാരുടെ ഭൂമി ഏറ്റെടുത്തത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും വിമര്‍ശനമുയര്‍ന്നു. ഈ തീരുമാനം ഗുരുവായൂരില്‍ പാര്‍ട്ടിയോടും സര്‍ക്കാരിനോടും അവമതിപ്പുണ്ടാക്കിയെന്നും പ്രതിനിധികള്‍ പറഞ്ഞു.
സര്‍വീസ് മേഖലയിലെ ഓണ്‍ലൈന്‍ സ്ഥലംമാറ്റങ്ങളും ജീവനക്കാര്‍ക്കിടയില്‍ പാര്‍ട്ടിയോടും സര്‍ക്കാരിനോടുമുള്ള അകല്‍ച്ചയ്ക്ക് കാരണമായതായി വിമര്‍ശനമുണ്ടായി. കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ വിശ്വാസ്യത വീണ്ടെടുക്കാന്‍ കഴിയാതിരുന്നതും തിരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചുവെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാന നേതൃത്വത്തിനെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് ജില്ലാ വിപുലീകൃത സമിതിയില്‍ ഉയര്‍ന്നത്. ചര്‍ച്ചയില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ജില്ലാ സെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും മറുപടി നല്‍കും.
Comments
No comments yet. Be the first to comment!
Leave a Comment