കൊല്ലം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരായ കരിങ്കൊടി പ്രതിഷേധത്തില്‍ സുരക്ഷാവീഴ്ച ഉണ്ടായിട്ടില്ലെന്ന് പൊലീസ്. അമിത് ഷായുടെ വാഹനവ്യൂഹത്തിന് പ്രതിഷേധം മൂലം തടസമുണ്ടായിട്ടില്ലെന്നും വിവിഐപിക്ക് ഒരുക്കേണ്ട എല്ലാ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിരുന്നെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
കേന്ദ്രമന്ത്രിയുടെ വാഹനം തടയുകയോ പ്രതിഷേധക്കാര്‍ വാഹനത്തിനടുത്തേക്ക് എത്തുകയോ ചെയ്തിട്ടില്ല. കരിങ്കൊടി കാണിച്ചെങ്കിലും പൊലീസ് സമയോചിതമായി ഇടപെട്ട് പ്രതിഷേധക്കാരെ സ്ഥലത്തുനിന്ന് മാറ്റുകയായിരുന്നു. ബിജെപി നല്‍കിയ പരാതിയില്‍ പ്രത്യേകം കേസെടുക്കേണ്ട സാഹചര്യമില്ലെന്നാണ് പൊലീസിന്റെ നിലപാട്. പ്രതിഷേധവുമായി ബന്ധപ്പെട്ട് നിലവില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
അതേസമയം, ഗ്യാനേഷ് കുമാറിനെതിരായ രാജ്യവ്യാപക യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിന്റെ ഭാഗമായാണ് അമിത് ഷായെ കരിങ്കൊടി കാണിച്ചതെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ബിനു ചുള്ളിയില്‍ പറഞ്ഞു. വരും ദിവസങ്ങളിലും കരിങ്കൊടി പ്രതിഷേധം തുടരുമെന്നും ആവശ്യമെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും കരിങ്കൊടി കാണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, തിരുവനന്തപുരത്ത് മന്ത്രി ഒ. ജെ. ജനീഷിനെതിരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ബാലരാമപുരത്തും ആറാലുംമൂട്ടിലും മന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചു. നെയ്യാറ്റിന്‍കരയില്‍ ബിജെപി-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ നേരിയ സംഘര്‍ഷവും ഉണ്ടായി.
പ്രതിഷേധ സാധ്യത കണക്കിലെടുത്ത് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനും മന്ത്രിയുമായ ഒ. ജെ. ജനീഷിന് കൂടുതല്‍ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. പ്രതിഷേധവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് മന്ത്രി പ്രതികരിച്ചില്ല.
Comments
No comments yet. Be the first to comment!
Leave a Comment