Wednesday, September 30, 2026
Kerala News

മുട്ടില്‍ മരംമുറിയിലെ ഗൂഢാലോചന; അന്വേഷണം വേണ്ടെന്ന് എസ്ഐടിയോട് നിര്‍ദേശിച്ചത് പിണറായി വിജയന്റെ ഓഫീസിലെ ഉന്നതന്‍

മുട്ടില്‍ മരംമുറിയിലെ ഗൂഢാലോചന; അന്വേഷണം വേണ്ടെന്ന് എസ്ഐടിയോട് നിര്‍ദേശിച്ചത് പിണറായി വിജയന്റെ ഓഫീസിലെ ഉന്നതന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറെ കൊളിളക്കം സൃഷ്ടിച്ച മുട്ടില്‍ മരംമുറി കേസിലെ ഗൂഢാലോചന അന്വേഷണത്തില്‍ വന്‍ അട്ടിമറി നടന്നതായി പുതിയ വെളിപ്പെടുത്തല്‍. കേസിന് ആസ്പദമായ ഗൂഢാലോചന അന്വേഷിക്കേണ്ടതില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് (SIT) നിര്‍ദേശം നല്‍കിയത് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ ഉന്നതനാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. 

ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് വനംവകുപ്പ് കണ്ടെത്തിയവരെക്കുറിച്ച് അന്വേഷിക്കാന്‍ എസ്.ഐ.ടി തയ്യാറായില്ലെന്നും, ഇതിനിടെ അന്വേഷണ സംഘത്തലവനായിരുന്ന എ.ഡി.ജി.പി എസ്. ശ്രീജിത്തിനെ കേസിന്റെ ചുമതലയില്‍ നിന്ന് മാറ്റിയതായും വിവരമുണ്ട്.

മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട് കേസില്‍ അഗസ്റ്റിന്‍ സഹോദരങ്ങള്‍ പ്രതികളായ സംഭവങ്ങള്‍ മാത്രമാണ് അന്വേഷണ സംഘം പരിഗണിച്ചതും കുറ്റപത്രം സമര്‍പ്പിച്ചതും. മുന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്‍, ഒരു ഐ.എഫ്.എസ് ഉദ്യോഗസ്ഥന്‍, കല്‍പ്പറ്റയിലുണ്ടായിരുന്ന ഒരു റേഞ്ച് ഓഫീസര്‍ എന്നിവരുടെ പങ്കിനെക്കുറിച്ച് ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും പൊലീസ് ഇത് ഒരു ഘട്ടത്തിലും അന്വേഷിക്കാന്‍ തയ്യാറായില്ല. അന്നത്തെ റവന്യൂ-വനം വകുപ്പ് മന്ത്രിമാരുടെ ഓഫീസുകള്‍ ഇടപെട്ടാണ് ഗൂഢാലോചന ഒഴിവാക്കി അന്വേഷണം ചുരുക്കാന്‍ തീരുമാനിച്ചതെന്ന ആക്ഷേപവും ശക്തമാണ്.

ഉപാധികളോടെ പട്ടയം ലഭിച്ച ഭൂമിയിലെ ചന്ദനമൊഴികെയുള്ള മരങ്ങള്‍ മുറിച്ചുമാറ്റാന്‍ 2020 ഒക്ടോബര്‍ 24-നാണ് റവന്യൂ വകുപ്പ് വിവാദ ഉത്തരവിറക്കിയത്. തുടര്‍ന്ന് 2021 ഫെബ്രുവരി 4-ന് ഈ ഉത്തരവ് പിന്‍വലിച്ചെങ്കിലും, ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ സംസ്ഥാനത്തൊട്ടാകെ 2,600-ലധികം വിലപിടിപ്പുള്ള മരങ്ങളാണ് മുറിച്ചുകടത്തിയത്. 

വയനാട് മുട്ടിലില്‍ മാത്രം 108 ഈട്ടിമരങ്ങള്‍ വെട്ടിമാറ്റപ്പെട്ടു. 2021 ഫെബ്രുവരി 6-ന് പെരുമ്പാവൂരില്‍ നിന്ന് വനംവകുപ്പ് ഈട്ടിത്തടികള്‍ പിടിച്ചെടുത്തതോടെയാണ് കോടികളുടെ മരംകൊള്ള പുറംലോകമറിയുന്നത്. സംഭവത്തിന് വഴിവെച്ച ഉത്തരവിന് പിന്നിലെ യഥാര്‍ത്ഥ സൂത്രധാരന്മാരിലേക്ക് അന്വേഷണം എത്താതിരുന്നത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിട്ടുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment