Wednesday, September 30, 2026
Kerala News

മദ്യപിച്ച് വാഹനമോടിച്ച സംഭവം: അശ്വന്ത് കോക്കിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

 മദ്യപിച്ച് വാഹനമോടിച്ച സംഭവം: അശ്വന്ത് കോക്കിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

കോഴിക്കോട്: മദ്യപിച്ച് അപകടകരമായ രീതിയില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയ പ്രമുഖ യൂട്യൂബറും സിനിമാ നിരൂപകനുമായ അശ്വന്ത് കോക്കിനെതിരെ നടക്കാവ് പൊലീസ് കേസെടുത്തു. മനുഷ്യജീവന് അപകടമുണ്ടാക്കുന്ന രീതിയില്‍ വാഹനമോടിക്കല്‍, മദ്യപിച്ച് വാഹനം ഓടിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തിന് ശേഷം പൊലീസും നാട്ടുകാരും കസ്റ്റഡിയിലെടുത്ത ഇയാളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.   

കഴിഞ്ഞ ദിവസം വൈകുന്നേരം അരയടത്തുപാലത്തുനിന്ന് എരഞ്ഞിപ്പാലം ഭാഗത്തേക്ക് അശ്വന്ത് ഓടിച്ചുവന്ന ഥാര്‍ ജീപ്പ് റോഡിലുണ്ടായിരുന്ന മറ്റ് വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. അപകടമുണ്ടാക്കിയ ശേഷം വാഹനം നിര്‍ത്താതെ പോകാന്‍ ശ്രമിച്ച അശ്വന്തിനെ നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു. തുടക്കത്തില്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ വിസമ്മതിച്ച ഇയാളെ പിന്നീട് പൊലീസെത്തിയാണ് കസ്റ്റഡിയിലെടുത്തത്.   

അപകടത്തെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയപ്പോള്‍ എന്റെ വീഡിയോ എടുക്കുവാണോ സാറേ എന്ന് അശ്വന്ത് ചോദിക്കുകയും ചെയ്തു. അപകടമുണ്ടാക്കിയ വാഹനത്തില്‍ നിന്ന് പൊലീസ് രണ്ട് മദ്യക്കുപ്പികള്‍ കണ്ടെടുത്തു. സംഭവത്തിനുശേഷം മദ്യപിച്ചിട്ടുണ്ടോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോള്‍ അതിപ്പോള്‍ പറയാന്‍ ആകില്ല എന്നും ദാറ്റ്സ് കേരള പൊലീസ് എന്നുമാണ് ഇയാള്‍ പ്രതികരിച്ചത്. അശ്വന്തിനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചത്. 


Related News

Comments

No comments yet. Be the first to comment!

Leave a Comment