തിരുവനന്തപുരം: ഐക്യരാഷ്ട്രസഭയുടെ (UN) പ്രശസ്തമായ യുഎന്‍ സര്‍വകലാശാല കേരളത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. കൊച്ചി ആസ്ഥാനമായി പുതിയ ക്യാംപസ് ആരംഭിക്കുന്നതിനുള്ള താല്‍പര്യം അധികൃതര്‍ കേരള സര്‍ക്കാരിനെ ഔദ്യോഗികമായി അറിയിച്ചു. അടുത്ത വര്‍ഷങ്ങളിലായി (2027) ക്യാംപസിന്റെ പ്രവര്‍ത്തനം പൂര്‍ണമായി ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്.സംസ്ഥാനത്തെ പ്രമുഖ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളായ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (CUSAT), നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് (NUALS), സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ് (CDS) എന്നിവയുമായി സഹകരിച്ചായിരിക്കും ക്യാംപസിന്റെ പ്രവര്‍ത്തനം. ഈ സ്ഥാപനങ്ങളുമായി ചേര്‍ന്ന് സംയുക്ത ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ (Joint Degrees) നല്‍കാനാണ് പദ്ധതി.
പ്രധാനമായും ബിരുദാനന്തര ബിരുദം (Postgraduate), ഡോക്ടറല്‍ (Ph.D.) കോഴ്സുകളായിരിക്കും ഇവിടെ ലഭ്യമാക്കുക. ജപ്പാനിലെ ടോക്കിയോ ആസ്ഥാനമായി 1975-ല്‍ പ്രവര്‍ത്തനം ആരംഭിച്ച യുഎന്‍ സര്‍വകലാശാലയ്ക്ക് നിലവില്‍ ലോകത്താകെ 13 ക്യാംപസുകളാണുള്ളത്. അന്താരാഷ്ട്ര പ്രാധാന്യമുള്ള ആഗോള വിഷയങ്ങളില്‍ സമഗ്രമായ ഗവേഷണവും പഠനങ്ങളും നടത്തുകയാണ് സര്‍വകലാശാലയുടെ പ്രധാന ലക്ഷ്യം.
പുതിയ ക്യാംപസ് വരുന്നതോടെ മലയാളി വിദ്യാര്‍ഥികള്‍ക്ക് ആഗോളതലത്തിലുള്ള ഉന്നതവിദ്യാഭ്യാസവും ഗവേഷണ അവസരങ്ങളും സ്വന്തം നാട്ടില്‍ തന്നെ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ സ്വകാര്യ/വിദേശ സര്‍വകലാശാല ബില്ലിന്റെ പശ്ചാത്തലത്തിലാണ് പ്രമുഖ അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ കേരളത്തിലേക്ക് വരവറിയിക്കുന്നത്. ബില്‍ വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും. പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക കൂടിയാലോചനകള്‍ സര്‍ക്കാരും സര്‍വകലാശാലാ അധികൃതരും തമ്മില്‍ ആരംഭിച്ചുകഴിഞ്ഞു.
Comments
No comments yet. Be the first to comment!
Leave a Comment