കോഴിക്കോട്: സുഹൃത്തിന്റെ ആഡംബരകാര്‍ ഔദ്യോഗിക വാഹനമായി ഉപയോഗിച്ച സംഭവത്തില്‍ മന്ത്രി കെ.എം. ഷാജിയുടെ വിശദീകരണം വിവാദത്തില്‍. മന്ത്രിമാരുടെ ഔദ്യോഗിക വാഹനങ്ങളുമായി ബന്ധപ്പെട്ട മോട്ടോര്‍ വാഹന ചട്ടങ്ങള്‍ മന്ത്രിയുടെ വാദങ്ങളെ പിന്തുണയ്ക്കുന്നതല്ലെന്നാണ് വിമര്‍ശനം. സംഭവത്തില്‍ ഗുരുതരമായ നിയമലംഘനം നടന്നതായി ആരോപിച്ച് സിപിഐഎം രംഗത്തെത്തി.
മന്ത്രിമാര്‍ക്ക് അനുവദിച്ച ഔദ്യോഗിക വാഹനത്തില്‍ മാത്രമേ സ്റ്റേറ്റ് ബോര്‍ഡ് ഉപയോഗിക്കാന്‍ പാടുള്ളൂവെന്ന് സിപിഐഎം നേതാവ് പി. രാജീവ് പറഞ്ഞു. ഇതുസംബന്ധിച്ച് ഹൈക്കോടതിയുടെ രണ്ടുവര്‍ഷം മുന്‍പുള്ള സുപ്രധാന വിധിയും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശബരിമല പാര്‍ക്കിങ് മേഖലയുമായി ബന്ധപ്പെട്ട കേസിലായിരുന്നു ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയതെന്ന് പി. രാജീവ് പറഞ്ഞു. പൊതുമേഖലാ സ്ഥാപനത്തിന്റെ വാഹനത്തില്‍ സ്റ്റേറ്റ് ബോര്‍ഡ് സ്ഥാപിച്ച സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കേസെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
പൊതുമേഖലാ സ്ഥാപനങ്ങളുടെയും സഹകരണ സ്ഥാപനങ്ങളുടെയും വാഹനങ്ങളില്‍ പോലും സ്റ്റേറ്റ് ബോര്‍ഡ് ഉപയോഗിക്കുന്നതിന് നിയന്ത്രണമുണ്ടെന്നും പി. രാജീവ് പറഞ്ഞു. ഈ സാഹചര്യത്തില്‍ താന്‍ ഇരിക്കുന്ന വാഹനമാണ് ഔദ്യോഗിക വാഹനമെന്ന മന്ത്രിയുടെ വാദം നിയമപരമായ അറിവില്ലായ്മയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
നിയമം അറിയില്ലെന്നത് നിയമലംഘനത്തിനുള്ള പ്രതിരോധമായി കണക്കാക്കാനാകില്ലെന്നും പി. രാജീവ് കൂട്ടിച്ചേര്‍ത്തു.
Comments
No comments yet. Be the first to comment!
Leave a Comment