Tuesday, September 29, 2026
Kerala News

തിരിച്ചെടുക്കൽ നീക്കത്തിന് തിരിച്ചടി; DySP ഉമേഷ് സസ്പെൻഷനിൽ തുടരും

തിരിച്ചെടുക്കൽ നീക്കത്തിന് തിരിച്ചടി; DySP ഉമേഷ് സസ്പെൻഷനിൽ തുടരും

കോഴിക്കോട്: സസ്പെൻഷനിലായ കോഴിക്കോട് ഡിവൈഎസ്പി ഉമേഷിനെ സർവീസിൽ തിരിച്ചെടുക്കാനുള്ള നീക്കം മരവിപ്പിച്ചു. ആഭ്യന്തരമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് തിരിച്ചെടുക്കാനുള്ള തീരുമാനം തൽക്കാലം നിർത്തിവെച്ചത്. ഉമേഷിനെ തിരിച്ചെടുക്കുന്നതിനെതിരെ കോഴിക്കോട് കോൺഗ്രസ് നേതൃത്വം പ്രതിഷേധം ശക്തമാക്കിയിരുന്നു.

2014ൽ വടക്കാഞ്ചേരിയിൽ എസ്‌ഐയായി സേവനമനുഷ്ഠിക്കുമ്പോൾ അനാശാസ്യ കേസിൽ നിന്ന് ഒരു സ്ത്രീയെ ഒഴിവാക്കാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന ആരോപണത്തെ തുടർന്നാണ് ഉമേഷിനെ സസ്പെൻഡ് ചെയ്തത്. പിന്നീട് അദ്ദേഹത്തെ സർവീസിൽ തിരിച്ചെടുക്കാനുള്ള നീക്കം നടക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

 ചേവായൂർ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും ഉമേഷിനെതിരെ കോൺഗ്രസ് ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. സിപിഎമ്മിന് അനുകൂലമായി പൊലീസ് ഇടപെട്ടെന്നും യുഡിഎഫ് പ്രവർത്തകരെ മർദിച്ചെന്നുമായിരുന്നു ആരോപണം.

 ഉമേഷിനെ തിരിച്ചെടുക്കാനുള്ള നീക്കത്തിനെതിരെ കെപിസിസി, ഡിസിസി നേതാക്കളായ നിജേഷ് അരവിന്ദ്, വി.പി. ദുൽഖിഫിൽ, ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ എന്നിവർ പരസ്യമായി രംഗത്തെത്തി. ആഭ്യന്തരമന്ത്രിയോടും പൊലീസ് നേതൃത്വത്തോടും നേതാക്കൾ അതൃപ്തി അറിയിച്ചിരുന്നു.

തുടർന്ന് ഡിസിസി നേതൃത്വം ആഭ്യന്തരമന്ത്രിയെ നേരിൽ കണ്ട് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധവും എതിർപ്പും അറിയിച്ചു. ഇതിന് പിന്നാലെയാണ് ഉമേഷിനെ തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ചത്. നിലവിൽ അദ്ദേഹത്തിന്റെ സസ്പെൻഷൻ തുടരുകയാണ്.

Related News

Comments

No comments yet. Be the first to comment!

Leave a Comment