ആലപ്പുഴ: എക്‌സാലോജിക്-സിഎംആര്‍എല്‍ ഇടപാടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ (ഇ.ഡി) രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നല്‍കിയ സേവനത്തിനാണ് മകള്‍ വീണയുടെ കമ്പനി പണം സ്വീകരിച്ചതെന്നും കരാര്‍ പ്രകാരമുള്ള എല്ലാ കാര്യങ്ങളും സുതാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. നിന്നെയല്ല നിന്റെ അച്ഛനെയാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത് എന്ന നിലപാടാണ് ഇ.ഡി സ്വീകരിക്കുന്നത്. എന്നാല്‍ അച്ഛന്‍ എന്തൊക്കെ കണ്ട ആളാണെന്ന് അവര്‍ ഓര്‍ക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു.
സി.എം.ആര്‍.എല്ലുമായി എക്‌സാലോജിക് കൃത്യമായ കരാറുണ്ടാക്കുകയും അതിന്‍പ്രകാരം സേവനം നല്‍കുകയുമാണ് ചെയ്തത്. നല്‍കിയ സേവനത്തിന് നിയമാനുസൃതമായ പ്രതിഫലമാണ് കമ്പനി കൈപ്പറ്റിയത്. ഈ പണം കാണാനില്ലെന്ന് പറഞ്ഞാല്‍ അത് കുറ്റമാകും, എന്നാല്‍ തുക കൃത്യമായി കണക്കിലുണ്ട്. നിയമപ്രകാരമുള്ള എല്ലാ നികുതികളും അടച്ചാണ് പണം സ്വീകരിച്ചിട്ടുള്ളതെന്നും, അതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു.
സി.പി.ഐ.എമ്മിനെ ലക്ഷ്യമിട്ടാണ് ഇ.ഡിയുടെ ഈ നീക്കങ്ങളെന്നും ഇതിന് പിന്നില്‍ ആര്‍.എസ്.എസും ബി.ജെ.പിയുമാണെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് ഇതിന് പിന്തുണ നല്‍കുകയാണ്. ഈ വേട്ടയാടലിനെ രാഷ്ട്രീയമായും നിയമപരമായും സി.പി.ഐ.എം നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments
No comments yet. Be the first to comment!
Leave a Comment