Thursday, September 17, 2026
Kerala News

മെസ്സിയുടെ പേരിലെ തട്ടിപ്പ്: മുൻ മന്ത്രി വി. അബ്ദുറഹിമാനെയും ചോദ്യം ചെയ്യാൻ SIT

മെസ്സിയുടെ പേരിലെ തട്ടിപ്പ്: മുൻ മന്ത്രി വി. അബ്ദുറഹിമാനെയും ചോദ്യം ചെയ്യാൻ SIT

കൊച്ചി: ഫുട്ബോൾ താരം ലയണൽ മെസ്സിയുടെ പേരിൽ നടത്തിയ തട്ടിപ്പ് കേസിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെയും ചോദ്യം ചെയ്യാൻ എസ്‌ഐടി ഒരുങ്ങുന്നു. കേസുമായി ബന്ധപ്പെട്ട് അബ്ദുറഹിമാന്റെ ഇടപെടലുകളെക്കുറിച്ച് അന്വേഷണ സംഘത്തിന് വിവരങ്ങൾ ലഭിച്ചതായാണ് സൂചന.

ആദ്യഘട്ടത്തിൽ പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളും മറ്റ് രേഖകളും പരിശോധിച്ച ശേഷം കായികവകുപ്പ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനാണ് എസ്‌ഐടിയുടെ തീരുമാനം. ഇതിന് ശേഷമായിരിക്കും മുൻ മന്ത്രിയെ ചോദ്യം ചെയ്യുക.

സ്റ്റേഡിയം കൈമാറിയതും സർക്കാർ സഹായം അനുവദിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് അന്വേഷണ സംഘം ശേഖരിക്കുന്നത്. മന്ത്രിയുടെ ഓഫീസ് പല കാര്യങ്ങളിലും ഇടപെട്ടെന്നും സർക്കാരിന് നൽകേണ്ട ഇ-മെയിലുകൾ സ്വകാര്യ വ്യക്തികൾക്ക് അയച്ചെന്നും കായികവകുപ്പ് സെക്രട്ടറി എൻ. പ്രശാന്ത് സമർപ്പിച്ച റിപ്പോർട്ടിൽ പരാമർശിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു.

എന്നാൽ കായികവകുപ്പ് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ സത്യസന്ധമായ വിവരങ്ങളില്ലെന്നായിരുന്നു വി. അബ്ദുറഹിമാന്റെ പ്രതികരണം. അർജന്റീന ചൈനയിൽനിന്ന് പണം വാങ്ങി കളിക്കാൻ വരാമെന്ന് പറഞ്ഞ് വഞ്ചിച്ചെന്ന ആരോപണം നിലനിൽക്കുന്നുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് അവരും കേസ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം നടക്കട്ടെയെന്നും അബ്ദുറഹിമാൻ പ്രതികരിച്ചിരുന്നു.

മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള റിപ്പോർട്ടാണ് കായികവകുപ്പ് സെക്രട്ടറി സമർപ്പിച്ചതെന്നും രാഷ്ട്രീയ നേട്ടങ്ങൾ ലക്ഷ്യമിട്ടാണ് ഉദ്യോഗസ്ഥൻ ഇത്തരമൊരു റിപ്പോർട്ട് നൽകിയതെന്നും അബ്ദുറഹിമാൻ ആരോപിച്ചിരുന്നു. റിപ്പോർട്ടിൽ പുകമറ സൃഷ്ടിക്കുന്ന കാര്യങ്ങളാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിയുടെ കമ്പ്യൂട്ടർ പരിശോധിച്ചാൽ ബന്ധപ്പെട്ട രേഖകൾ ലഭിക്കുമെന്നും കായികമന്ത്രി തന്നെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്നും അബ്ദുറഹിമാൻ ആരോപിച്ചു. ജിഎസ്ടിയുമായി ബന്ധപ്പെട്ട നോട്ടീസ് സ്പോൺസർക്ക് ആദ്യം നൽകിയത് ഇടത് സർക്കാരാണെന്നും മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചില കാര്യങ്ങൾ തെറ്റിദ്ധാരണ പരത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട യാഥാർഥ്യങ്ങൾ പുറത്തുവരുമെന്നും വാർത്താസമ്മേളനം നടത്തി കാര്യങ്ങൾ വിശദീകരിക്കുമെന്നും അബ്ദുറഹിമാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ കൂടി ചോദ്യം ചെയ്യാൻ എസ്‌ഐടി ഒരുങ്ങുന്നത്.

Related News

Comments

No comments yet. Be the first to comment!

Leave a Comment