Thursday, September 17, 2026
Kerala News

വലിയ വിലയ്ക്ക് വൈദ്യുതി വാങ്ങില്ല, പ്രതിസന്ധി പെട്ടെന്ന് അവസാനിക്കില്ല: മന്ത്രി സണ്ണി ജോസഫ്

വലിയ വിലയ്ക്ക് വൈദ്യുതി വാങ്ങില്ല, പ്രതിസന്ധി പെട്ടെന്ന് അവസാനിക്കില്ല: മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. യൂണിറ്റിന് 10 രൂപയ്ക്ക് മുകളിൽ നൽകി വൈദ്യുതി വാങ്ങാൻ കഴിയില്ലെന്നും എൻടിപിസി ഉൽപാദിപ്പിക്കുന്ന വൈദ്യുതിക്ക് വില കൂടുതലാണെന്നും മന്ത്രി വ്യക്തമാക്കി.

വൈദ്യുതി പ്രതിസന്ധിയുമായി ജനങ്ങൾ പൊരുത്തപ്പെടാൻ തുടങ്ങിയിട്ടുണ്ടെങ്കിലും നിരവധി പേർ ഇപ്പോഴും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്ന് സണ്ണി ജോസഫ് പറഞ്ഞു. നിലവിലെ പ്രതിസന്ധി പെട്ടെന്ന് അവസാനിക്കുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സെക്രട്ടറിയറ്റിലും വൈദ്യുതി നിയന്ത്രണം ഉണ്ടായതായും രണ്ട് തവണ ഓഫീസിൽ വൈദ്യുതി മുടങ്ങിയതായും മന്ത്രി പറഞ്ഞു.

പുതിയ വൈദ്യുതി പദ്ധതികൾ നിലവിൽ ഇല്ലെന്നും പഴയ പദ്ധതികളിൽ പകുതിയോളം മുടങ്ങിക്കിടക്കുകയാണെന്നും മന്ത്രി അറിയിച്ചു. മണിയാർ പദ്ധതി കെഎസ്ഇബിക്ക് ഏറ്റെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നും വിഷയം പഠിക്കാൻ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സൗരോർജം പകൽ ഉൽപാദിപ്പിച്ച് രാത്രിയിൽ ഉപയോഗിക്കാൻ സംഭരിക്കുന്നതിനുള്ള പദ്ധതികൾ ആവശ്യമാണ്. ഹ്രസ്വകാല, ദീർഘകാല വൈദ്യുതി കരാറുകൾക്കായി സംസ്ഥാനത്ത് പുതിയ വൈദ്യുതി നയം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

 വൈദ്യുതി വകുപ്പ് ഏറ്റെടുത്തതിൽ വെല്ലുവിളികളുണ്ടെന്ന് സമ്മതിച്ച മന്ത്രി, ഇതിനെ ഒരു ചലഞ്ചായി ഏറ്റെടുത്ത് മുന്നോട്ടുപോകുകയാണെന്നും വ്യക്തമാക്കി. വകുപ്പ് തനിക്ക് മുൾക്കിരീടമല്ലെന്നും പ്രതിസന്ധി മറികടന്ന് ചിരിക്കാൻ കഴിയുന്ന സമയം വരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

വൈദ്യുതി പ്രതിസന്ധി നേരിടാൻ ജനങ്ങളുടെ സഹകരണം ആവശ്യമാണെന്നും മന്ത്രി അഭ്യർഥിച്ചു. രാത്രികാലങ്ങളിൽ അനാവശ്യമായി വൈദ്യുതി ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും വ്യാപാരികളും പൊതുജനങ്ങളും വൈദ്യുതി ഉപയോഗത്തിൽ നിയന്ത്രണം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related News

Comments

No comments yet. Be the first to comment!

Leave a Comment