Tuesday, September 15, 2026
Kerala News

വൈദ്യുതി പ്രതിസന്ധി: 600 മെഗാവാട്ട് വാങ്ങാന്‍ കെഎസ്ഇബി പുതിയ ടെന്‍ഡര്‍ ക്ഷണിച്ചു

വൈദ്യുതി പ്രതിസന്ധി: 600 മെഗാവാട്ട് വാങ്ങാന്‍ കെഎസ്ഇബി പുതിയ ടെന്‍ഡര്‍ ക്ഷണിച്ചു



തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി നേരിടാന്‍ പുതിയ നീക്കവുമായി കെഎസ്ഇബി. ഒക്ടോബര്‍, ഡിസംബര്‍ മാസങ്ങളിലെ വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനായി പീക്ക് സമയത്ത് 600 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബി ടെന്‍ഡര്‍ ക്ഷണിച്ചു. ഡീപ്പ് പോര്‍ട്ടല്‍ ബിഡ്ഡിങ് വഴിയാണ് ടെന്‍ഡര്‍ നടപടികള്‍.

കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കുന്നതിനായി റെഗുലേറ്ററി കമ്മീഷനെ സമീപിക്കാനും കെഎസ്ഇബി തീരുമാനിച്ചിട്ടുണ്ട്. ഇതോടെ ഉയര്‍ന്ന നിരക്കില്‍ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷനില്‍ (എന്‍ടിപിസി) നിന്ന് അടിയന്തരമായി വൈദ്യുതി വാങ്ങാനുള്ള തീരുമാനം പുനഃപരിശോധിച്ചേക്കും.

എന്‍ടിപിസിയില്‍ നിന്ന് യൂണിറ്റിന് 30 രൂപ നിരക്കില്‍ വൈദ്യുതി വാങ്ങുന്നത് കെഎസ്ഇബിക്ക് വലിയ സാമ്പത്തിക ബാധ്യതയാകുമെന്നാണ് വിലയിരുത്തല്‍. ഈ നിരക്കില്‍ വൈദ്യുതി വാങ്ങിയാല്‍ പ്രതിദിനം 12 കോടി രൂപയിലധികം അധിക ചെലവ് വരുമെന്ന് കെഎസ്ഇബി സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങുന്നതിലൂടെ ഉണ്ടാകുന്ന ഭീമമായ സാമ്പത്തിക ബാധ്യത സംബന്ധിച്ച് സര്‍ക്കാരിനെ നേരിട്ട് ധരിപ്പിച്ചതായി കെഎസ്ഇബി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.ജി. രാജമാണിക്യം വ്യക്തമാക്കി.

വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ എന്‍ടിപിസിയില്‍ നിന്ന് വൈദ്യുതി വാങ്ങുന്നതിന് സര്‍ക്കാര്‍ നേരത്തെ തത്വത്തില്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ചെലവ് സംബന്ധിച്ച കണക്കുകള്‍ വിശദമായി പരിശോധിച്ചതോടെ തീരുമാനം കെഎസ്ഇബിക്ക് വലിയ സാമ്പത്തിക തിരിച്ചടിയാകുമെന്ന വിലയിരുത്തലിലേക്കാണ് ബോര്‍ഡ് എത്തിയത്.

ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങുന്നതിന്റെ അധികബാധ്യത ഒടുവില്‍ ഉപഭോക്താക്കള്‍ക്ക് മേല്‍ തന്നെ വരാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമേ അന്തിമ തീരുമാനമെടുക്കൂവെന്നാണ് സര്‍ക്കാര്‍ നിലപാട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment