Tuesday, September 15, 2026
Kerala News

പവര്‍ കട്ട് എന്നുവരെ തുടരുമെന്ന് ഇപ്പോള്‍ പറയാനാവില്ല, എത്രയും വേഗം പരിഹരിക്കുകയാണ് ലക്ഷ്യം: മന്ത്രി സണ്ണി ജോസഫ്

പവര്‍ കട്ട് എന്നുവരെ തുടരുമെന്ന് ഇപ്പോള്‍ പറയാനാവില്ല, എത്രയും വേഗം പരിഹരിക്കുകയാണ് ലക്ഷ്യം: മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാ വഴികളും ശ്രമിച്ചുവരികയാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. എന്‍ടിപിസിയില്‍ നിന്ന് ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങാനുള്ള തീരുമാനം പൂര്‍ണമായും ഉപേക്ഷിച്ചിട്ടില്ലെന്നും, വിഷയത്തില്‍ വിശദമായ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. യൂണിറ്റിന് 30 രൂപ നിരക്കില്‍ പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നത് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കും. അതുകൊണ്ടുതന്നെ എന്‍ടിപിസിയില്‍ നിന്ന് വൈദ്യുതി വാങ്ങുന്ന കാര്യത്തില്‍ മുഖ്യമന്ത്രിയുമായും മന്ത്രിസഭയുമായും കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണ്. ആവശ്യമായ സാമ്പത്തിക സ്രോതസ് കണ്ടെത്തുകയും മന്ത്രിസഭയുടെ അനുമതി ലഭിക്കുകയും ചെയ്യുന്ന മുറയ്ക്കായിരിക്കും അന്തിമ തീരുമാനമെടുക്കുക.

നിലവിലെ വൈദ്യുതി നിയന്ത്രണവും പവര്‍കട്ടും എന്ന് അവസാനിപ്പിക്കാന്‍ കഴിയുമെന്ന് കൃത്യമായ തീയതി പറയാനാകില്ലെങ്കിലും എത്രയും വേഗം പരിഹാരം കാണാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേന്ദ്രത്തില്‍ നിന്ന് ലഭിച്ച 250 മെഗാവാട്ടും സ്വാപ്പ് കരാര്‍ വഴിയുള്ള വിഹിതവും ലഭ്യമാകുന്നത് പ്രതിസന്ധിക്ക് ഒരുപരിധി വരെ ആശ്വാസമേകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, മാസപ്പടി കേസുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പിന് ഇഡി കൈമാറിയ രേഖകളുടെ വിശദാംശങ്ങള്‍ ചോര്‍ന്ന സംഭവത്തിലും മന്ത്രി പ്രതികരിച്ചു. ആഭ്യന്തര വകുപ്പിന് ലഭിച്ച രേഖകളാണ് പുറത്തുവന്നതെന്നും, അതെങ്ങനെ ഇഡി ചോര്‍ത്തി നല്‍കിയതാണെന്ന് പറയാനാകുമെന്നും അദ്ദേഹം ചോദിച്ചു. സംഭവത്തിലെ നിയമവശങ്ങള്‍ വിശദമായി പരിശോധിച്ചുവരികയാണെന്നും പോലീസില്‍ കേസെടുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം പിന്നീട് ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.


Related News

Comments

No comments yet. Be the first to comment!

Leave a Comment