തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോര്‍ഡ് ചീഫ് തസ്തികയിലെ പരീക്ഷാ ക്രമക്കേട് പരാതിയുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍, ക്രൈംബ്രാഞ്ച് നല്‍കിയ നോട്ടീസിനെതിരെ പിഎസ്സി ഹൈക്കോടതിയെ സമീപിക്കുന്നു. ഭരണഘടനാ സ്ഥാപനമായ പിഎസ്സിയുടെ പ്രോട്ടോക്കോളും പ്രത്യേക പദവിയും മുന്‍നിര്‍ത്തിയാണ് കമ്മീഷന്റെ നീക്കം. ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ഓഫീസില്‍ നേരിട്ട് ഹാജരാകണമെന്ന് പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) വാശിപിടിക്കുന്ന സാഹചര്യത്തിലാണ് നിയമപോരാട്ടത്തിന് തയ്യാറെടുക്കുന്നത്. മൊഴിയെടുക്കണമെങ്കില്‍ അന്വേഷണസംഘം പിഎസ്സി ആസ്ഥാനത്ത് എത്തണമെന്നാണ് കമ്മീഷന്റെ വാദം. എന്നാല്‍, ചോദ്യം ചെയ്യലിന്റെ സ്ഥലം നിശ്ചയിക്കുന്നത് അന്വേഷണ ഏജന്‍സിയുടെ വിവേചനാധികാരമാണെന്ന് എസ്‌ഐടിയും വ്യക്തമാക്കുന്നു.
അതേസമയം, പിഎസ്സി അംഗങ്ങളെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിപ്പിച്ചുവരുത്തുന്നതിലെ നിയമവശങ്ങളില്‍ എസ്‌ഐടിയും നിയമോപദേശം തേടുന്നുണ്ട്. ഇതില്‍ നിയമതടസ്സങ്ങളുണ്ടോയെന്നും മുന്‍കാല ഉത്തരവുകള്‍ പരിശോധിച്ചുമാത്രം തുടര്‍നടപടികളിലേക്ക് കടന്നാല്‍ മതിയെന്നുമാണ് എസ്‌ഐടിയുടെ തീരുമാനം. അതിനാല്‍ മറ്റ് അംഗങ്ങള്‍ക്ക് ഉടന്‍ നോട്ടീസ് നല്‍കില്ല. നിലവില്‍ നാല് കമ്മീഷന്‍ അംഗങ്ങള്‍ക്കാണ് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിട്ടുള്ളത്. ചെയര്‍മാന്‍ ഉള്‍പ്പെടെ 16 പേര്‍ക്കെതിരെയുള്ള പരാതിയില്‍ ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ സംശയം.
Comments
No comments yet. Be the first to comment!
Leave a Comment