തിരുവനന്തപുരം: സിനിമാ തീയറ്ററുകളില്‍ ഭക്ഷണസാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നതടക്കമുള്ള വിഷയങ്ങളില്‍ തീയറ്റര്‍ ഉടമകളുമായി ചര്‍ച്ച നടത്തി തിരുവനന്തപുരം മേയര്‍. ഉത്പന്നങ്ങളുടെ വില നിയന്ത്രിക്കാന്‍ കോര്‍പ്പറേഷന് അധികാരമില്ലെങ്കിലും തീയറ്ററുകളില്‍ അടിസ്ഥാന സൗകര്യങ്ങളും ലൈസന്‍സ് മാനദണ്ഡങ്ങളും കൃത്യമായി പാലിക്കണമെന്ന് മേയര്‍ നിര്‍ദേശിച്ചു.
ശുദ്ധമായ കുടിവെള്ളം സൗജന്യമായി നല്‍കണമെന്നും കുട്ടികള്‍ക്കുള്ള ഭക്ഷണം തീയറ്ററിനുള്ളിലേക്ക് കൊണ്ടുവരുന്നതിന് തടസ്സം സൃഷ്ടിക്കരുതെന്നും നിര്‍ദേശം നല്‍കി. തീയറ്ററുകളില്‍ മതിയായ വാഹന പാര്‍ക്കിംഗ് സൗകര്യം ഒരുക്കണമെന്നും ലൈസന്‍സ് മാനദണ്ഡങ്ങള്‍ ലംഘിക്കരുതെന്നും മേയര്‍ വ്യക്തമാക്കി.
ദേഹപരിശോധനയും ബാഗ് പരിശോധനയും നടത്തുമ്പോള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. സ്ത്രീകളെ സ്ത്രീകള്‍ തന്നെ പരിശോധിക്കണമെന്നും സിനിമ കാണാനെത്തുന്നവരുടെ വ്യക്തിത്വത്തെ ഹനിക്കുന്ന നടപടികള്‍ അംഗീകരിക്കാനാകില്ലെന്നും മേയര്‍ പറഞ്ഞു.
ഫയര്‍ ആന്‍ഡ് സേഫ്റ്റി മാനദണ്ഡങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. ലൈസന്‍സുമായി ബന്ധപ്പെട്ട നിരവധി മാനദണ്ഡങ്ങള്‍ തീയറ്ററുകള്‍ ലംഘിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അവ അടിയന്തരമായി തിരുത്തണമെന്നും മേയര്‍ വ്യക്തമാക്കി.
Comments
No comments yet. Be the first to comment!
Leave a Comment