Wednesday, September 9, 2026
Kerala News

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: സര്‍ക്കാര്‍ കേസെടുക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

 സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: സര്‍ക്കാര്‍ കേസെടുക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍


തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കേസില്‍ കുറ്റകൃത്യവും കുറ്റവാളിയും പൊലീസിന് മുന്നിലുണ്ടെന്നും ഇനി എന്താണ് പരിശോധിക്കേണ്ടതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിഷയത്തില്‍ കോണ്‍ഗ്രസും സിപിഐഎമ്മും ഒത്തുകളിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. ആരോപണവിധേയനായ പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അഴിമതിയുടെ പരമ്പരയാണ് എല്‍ഡിഎഫ് സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ കേരളത്തിലെ ജനങ്ങളെ പ്രേരിപ്പിച്ചതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. പിണറായി വിജയന്‍ ജയിലില്‍ പോകണമെന്നാണ് തിരുവനന്തപുരത്ത് വെച്ച് രാഹുല്‍ ഗാന്ധി പറഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവിനും പ്രതിപക്ഷ നിരയിലെ പ്രധാന നേതാവിനുമെതിരെ കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ധൃതിപിടിച്ച് നടപടിയെടുക്കില്ലെന്നാണ് സൂചന. നിയമോപദേശം തേടുന്നതിനും രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ വിലയിരുത്തുന്നതിനും ആവശ്യമായ സമയം എടുത്ത ശേഷമായിരിക്കും തീരുമാനമെന്നാണ് ധാരണ.

കേന്ദ്ര ഏജന്‍സിയെ ഉപയോഗിച്ച് സിപിഐഎമ്മിനെ പ്രതിക്കൂട്ടിലാക്കി തകര്‍ക്കാനാണ് ശ്രമമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ആരോപിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment