Friday, September 4, 2026
Kerala News

പ്രതിപക്ഷ ഉപനേതൃപദവി തര്‍ക്കം മുന്നണി കെട്ടുറപ്പിനെ ബാധിക്കുന്നു; പരസ്യ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ്

പ്രതിപക്ഷ ഉപനേതൃപദവി തര്‍ക്കം മുന്നണി കെട്ടുറപ്പിനെ ബാധിക്കുന്നു; പരസ്യ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ്



തൃശ്ശൂര്‍: പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലിയുള്ള സിപിഎം-സിപിഐ തര്‍ക്കം ഇടതുമുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്നുവെന്ന് തുറന്നടിച്ച് കേരള കോണ്‍ഗ്രസ്. തൊലിപ്പുറത്തെ ചികിത്സ കൊണ്ട് പ്രശ്‌നം പരിഹരിക്കാനാകില്ലെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണി പ്രതികരിച്ചു.

പ്രശ്‌നപരിഹാരത്തിനായി ചര്‍ച്ചകള്‍ നടത്താമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. മുന്നണിയില്‍ തുടരുന്നതിനായി സിപിഐ പലപ്പോഴും ത്യാഗം സഹിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഉപനേതൃപദവി സംബന്ധിച്ച തര്‍ക്കത്തില്‍ വിവിധ സമവായ നിര്‍ദേശങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും ഇതുവരെ പ്രശ്‌നപരിഹാരത്തിലേക്ക് ചര്‍ച്ചകള്‍ എത്തിയിട്ടില്ല.

ദേശീയ നേതൃത്വം ഇടപെട്ട് മുന്നോട്ടുവച്ച ശുപാര്‍ശയില്‍ തുടര്‍നിലപാടും വ്യക്തതയും വരുത്തേണ്ടത് സിപിഎം-സിപിഐ സംസ്ഥാന നേതൃത്വങ്ങളാണ്. വിഷയത്തില്‍ തുറന്ന ചര്‍ച്ചകള്‍ക്ക് സിപിഐ തയ്യാറാണെന്ന് ബിനോയ് വിശ്വം അറിയിച്ചു.

അതേസമയം, ഘടകകക്ഷികളില്‍ അതൃപ്തി തുടരുകയാണ്. മുന്നണി പ്രവര്‍ത്തനത്തെയും പ്രതിപക്ഷ ഇടപെടലുകളെയും ബാധിക്കുന്ന വിഷയത്തില്‍ കേരള കോണ്‍ഗ്രസ് പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ചു. ജോസ് കെ. മാണിയും അതൃപ്തി ആവര്‍ത്തിച്ചു.

പ്രശ്‌നം കൂടുതല്‍ വഷളാക്കേണ്ടതില്ലെന്ന നിലപാടിലാണ് സിപിഎമ്മും സിപിഐയും. എന്നാല്‍, സംസ്ഥാന തലത്തില്‍ രൂപപ്പെടേണ്ട ഉഭയകക്ഷി ധാരണയ്ക്കുള്ള ചര്‍ച്ചകള്‍ക്ക് ഇതുവരെ വ്യക്തമായ തുടക്കം കുറിക്കാനായിട്ടില്ല.


Related News

Comments

No comments yet. Be the first to comment!

Leave a Comment