Friday, September 4, 2026
Kerala News

ശബരിമല ഓണസദ്യ വിവാദം: ദേവസ്വം മന്ത്രിയെ തള്ളി ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍

 ശബരിമല ഓണസദ്യ വിവാദം: ദേവസ്വം മന്ത്രിയെ തള്ളി ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍


തിരുവനന്തപുരം: ശബരിമല ഓണസദ്യ വിവാദത്തില്‍ ദേവസ്വം മന്ത്രി കെ. മുരളീധരന്റെ വാദങ്ങള്‍ തള്ളി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍. മന്ത്രിക്ക് ലഭിച്ച വിവരം ശരിയല്ലായിരിക്കാമെന്നും തിരുവോണ സദ്യ നടത്തിപ്പില്‍ യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രിയെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാമെന്നും ജയകുമാര്‍ പറഞ്ഞു. മെസ്സില്‍ തയ്യാറാക്കിയ സദ്യ 3000 ഭക്തര്‍ കഴിച്ചിട്ടുണ്ട്. സദ്യയ്ക്കായി ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സദ്യയെക്കുറിച്ച് അനാവശ്യമായ ദുരൂഹത പ്രചരിപ്പിക്കുകയാണെന്നും ജയകുമാര്‍ പ്രതികരിച്ചു.

സന്നിധാനത്ത് തിരുവോണ സദ്യ മുടങ്ങിയെന്ന പരാതി ലഭിച്ചെന്നും ഇക്കാര്യം അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കിയെന്നുമാണ് ദേവസ്വം മന്ത്രി കെ. മുരളീധരന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. മുന്‍ സംവിധാനങ്ങളില്‍ മാറ്റം വരുത്തിയപ്പോള്‍ ഏകോപനത്തില്‍ വീഴ്ചയുണ്ടായോ എന്നും പരിശോധിക്കാന്‍ മന്ത്രി നിര്‍ദേശിച്ചിരുന്നു.

വീഴ്ച കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും അന്നദാനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് കൃത്യമായ നടപടിക്രമങ്ങള്‍ തയ്യാറാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സദ്യ നടത്തിപ്പില്‍ യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കിയത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment