തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. വൈകിട്ട് 7 മണി മുതൽ രാത്രി 12 മണി വരെ ചില പ്രദേശങ്ങളിൽ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടാൻ സാധ്യതയുണ്ട്. 15 മിനിറ്റ് മുതൽ അരമണിക്കൂർ വരെയുള്ള സമയത്തേക്ക് വൈദ്യുതി മുടങ്ങാനാണ് സാധ്യതയെന്നാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്.
ദേശീയതലത്തിൽ വൈദ്യുതി ലഭ്യതയിലുണ്ടായ കുറവാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് കെഎസ്ഇബി വ്യക്തമാക്കി. പീക്ക് സമയത്ത് കേരളത്തിൽ 600 മുതൽ 700 മെഗാവാട്ട് വരെ വൈദ്യുതി കുറവ് അനുഭവപ്പെടുന്നുണ്ട്.
പവർ എക്സ്ചേഞ്ചിൽ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭിക്കാത്തതും സംസ്ഥാനത്ത് മഴ കുറഞ്ഞതുമാണ് പ്രതിസന്ധിക്ക് കാരണമായി കെഎസ്ഇബി ചൂണ്ടിക്കാട്ടുന്നത്. വൈദ്യുതി ആവശ്യകത ഉയരുന്ന വൈകുന്നേരം മുതൽ രാത്രിവരെയുള്ള സമയത്താണ് നിയന്ത്രണത്തിന് സാധ്യത കൂടുതലുള്ളത്.
ഇന്നലെയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭാഗിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വൈദ്യുതി ലഭ്യതയിലെ കുറവ് തുടർന്നാൽ നിയന്ത്രണം ഇനിയും തുടരാനുള്ള സാധ്യതയുണ്ട്.
Comments
No comments yet. Be the first to comment!
Leave a Comment