Saturday, August 29, 2026
International News

നേപ്പാളിലെ മിന്നല്‍ പ്രളയം: മരണം 626 ആയി; ഇന്ത്യക്കാര്‍ക്കായി തിരച്ചില്‍ തുടരുന്നു

 നേപ്പാളിലെ മിന്നല്‍ പ്രളയം: മരണം 626 ആയി; ഇന്ത്യക്കാര്‍ക്കായി തിരച്ചില്‍ തുടരുന്നു


കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 626 ആയി. മലയാളികള്‍ ഉള്‍പ്പെടെ 320 ഇന്ത്യക്കാര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. കനത്ത മഴയെ തുടര്‍ന്ന് നിര്‍ത്തിവച്ച ത്രിശൂലി മേഖലയിലെ രക്ഷാപ്രവര്‍ത്തനം പുനഃരാരംഭിച്ചു. ടണല്‍ രക്ഷാപ്രവര്‍ത്തന വിദഗ്ധര്‍ ഉള്‍പ്പെടെ 11 അംഗ ഇന്ത്യന്‍ രക്ഷാദൗത്യ സംഘം നേപ്പാളിലെത്തി രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.

നേപ്പാളിന് ഇന്ത്യ നല്‍കിയ പിന്തുണയ്ക്കും ഐക്യദാര്‍ഢ്യത്തിനും നേപ്പാള്‍ പ്രസിഡന്റ് ഇന്ത്യാ പ്രസിഡന്റ് ദ്രൗപദി മുര്‍മുവിനോടും കേന്ദ്ര സര്‍ക്കാരിനോടും നന്ദി അറിയിച്ചു. ദുരന്തമുണ്ടായി നാലാം ദിവസവും കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമായി തുടരുകയാണ്.

അതേസമയം, കനത്ത മഴയും ടിബറ്റ് മേഖലയില്‍ തടയണ തകരാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി. നേപ്പാളിലെ 13 ജലവൈദ്യുത പദ്ധതികളിലായി തൊഴിലാളികളും ഇന്ത്യക്കാരും ഉള്‍പ്പെടെ ഏകദേശം 2500 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം.

നയതന്ത്ര സമ്മര്‍ദങ്ങള്‍ക്ക് പിന്നാലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വിദേശ സഹായം സ്വീകരിക്കാന്‍ നേപ്പാള്‍ തയ്യാറായതോടെയാണ് 11 അംഗ ഇന്ത്യന്‍ രക്ഷാദൗത്യ സംഘം രാജ്യത്തെത്തിയത്.

ഇതിനിടെ, നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ദുരന്തബാധിത മേഖലയിലേക്ക് ഇന്ത്യയുടെ എന്‍ഡിആര്‍എഫ് സംഘത്തെ ഉടന്‍ അയക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കത്തയച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment