Friday, August 21, 2026
Kerala News

മുട്ടില്‍ മരംമുറിക്കേസ്; പ്രതികളുടെ വാദം തള്ളി ചോറ്റാനിക്കര കോടതി

 മുട്ടില്‍ മരംമുറിക്കേസ്; പ്രതികളുടെ വാദം തള്ളി ചോറ്റാനിക്കര കോടതി


എറണാകുളം: മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനക്കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. കേസ് പരിഗണിക്കാന്‍ ചോറ്റാനിക്കര കോടതിക്ക് അധികാരമില്ലെന്ന പ്രതികളുടെ വാദം മജിസ്‌ട്രേറ്റ് കോടതി തള്ളി. വഞ്ചനക്കേസ് പരിഗണിക്കാന്‍ വിചാരണ കോടതിക്ക് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി.

ഈ മാസം 31ന് പ്രതികളെ കുറ്റപത്രം വായിച്ചുകേള്‍പ്പിക്കും. ഒന്നാം പ്രതി റോജി അഗസ്റ്റിന്‍ നേരിട്ട് കോടതിയില്‍ ഹാജരാകണം. രണ്ടും മൂന്നും പ്രതികളായ ജോസുകുട്ടി അഗസ്റ്റിനും ആന്റോ അഗസ്റ്റിനും വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഹാജരാകാന്‍ കോടതി അനുമതി നല്‍കി.

അനധികൃതമായി മുറിച്ചുകടത്തിയ മരത്തിന് വനംവകുപ്പിന്റെ പെര്‍മിറ്റുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് വില്‍പ്പന നടത്തിയെന്ന പരാതിയിലാണ് അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരെ കേസ്. 1.4 കോടി രൂപ വാങ്ങി വനംവകുപ്പിന്റെ പെര്‍മിറ്റില്ലാത്ത മരം നല്‍കി വഞ്ചിച്ചെന്നാണ് കരിമുകള്‍ മലബാര്‍ ടിമ്പര്‍ ഉടമ എം.എം. അലിയാര്‍ അമ്പലമേട് പൊലീസില്‍ നല്‍കിയ പരാതി.

മുട്ടില്‍ മരംമുറിക്കേസില്‍ ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിയിലെ വിചാരണ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നാം പ്രതി റോജി അഗസ്റ്റിന്‍ നല്‍കിയ ഹര്‍ജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്ന് ചോറ്റാനിക്കര കോടതിയില്‍ ഹാജരായ റോജി അഗസ്റ്റിന് കോടതിയുടെ രൂക്ഷ വിമര്‍ശനവും നേരിടേണ്ടിവന്നിരുന്നു.


Related News

Comments

No comments yet. Be the first to comment!

Leave a Comment