Tuesday, August 18, 2026
Kerala News

വിഴിഞ്ഞം തുറമുഖത്തിന് പുതിയ നാഴികക്കല്ല്; എക്‌സിം ചരക്കുനീക്കത്തിന് കണ്ടെയ്‌നര്‍ കവാടം തുറന്നു

 വിഴിഞ്ഞം തുറമുഖത്തിന് പുതിയ നാഴികക്കല്ല്; എക്‌സിം ചരക്കുനീക്കത്തിന് കണ്ടെയ്‌നര്‍ കവാടം തുറന്നു


തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖം പുതിയ നാഴികക്കല്ല് പിന്നിട്ടു. തുറമുഖത്ത് നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള കണ്ടെയ്‌നര്‍ കവാടം തുറന്നു. തുറമുഖം വഴിയുള്ള കയറ്റുമതി-ഇറക്കുമതി (എക്‌സിം) ചരക്കുനീക്കത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിര്‍വഹിച്ചു.

ലോകത്തിലേക്കുള്ള കേരളത്തിന്റെ വികസന കവാടമാണ് വിഴിഞ്ഞം തുറമുഖമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഓട്ടോമേറ്റഡ് സംവിധാനങ്ങളിലൊന്നാണ് വിഴിഞ്ഞത്തേതെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ റെയില്‍-റോഡ് കണക്റ്റിവിറ്റി കൂടി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ തുറമുഖത്തിന്റെ സാധ്യതകള്‍ നൂറിരട്ടിയായി പ്രയോജനപ്പെടുത്താമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍ ലോക വിപണിയിലേക്ക് കയറ്റി അയക്കുന്നതിന് സര്‍ക്കാര്‍ ആവശ്യമായ സഹായം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ മിഷന്‍ സമുദ്രയുടെ പ്രഖ്യാപനവും മുഖ്യമന്ത്രി നടത്തി.

വിഴിഞ്ഞം തുറമുഖത്തെ എക്‌സിം ചരക്കുനീക്കം വ്യാപാര-വ്യവസായ മേഖലയുടെ വളര്‍ച്ചയ്‌ക്കൊപ്പം സാധാരണക്കാരുടെ ജീവിതത്തിലും വലിയ മാറ്റമുണ്ടാക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഇന്ത്യയും ലോകവും തമ്മിലുള്ള പ്രധാന ഗേറ്റ്വേയായി വിഴിഞ്ഞം മാറിയെന്ന് അദാനി പോര്‍ട്‌സ് സി.ഇ.ഒ അശ്വിനി ഗുപ്ത പറഞ്ഞു. കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന റോഡ് കണക്റ്റിവിറ്റി കൂടുതല്‍ ശക്തമാകുന്നതോടെ തുറമുഖത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ മാറ്റമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.


Related News

Comments

No comments yet. Be the first to comment!

Leave a Comment