ന്യൂഡല്‍ഹി: എഐസിസി ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷ വേളയില്‍ വന്ദേമാതര ആലാപനം തടസ്സപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതികളില്‍ ഡല്‍ഹി പോലീസ് ഔദ്യോഗികമായി പ്രാഥമിക അന്വേഷണം ആരംഭിച്ചു. മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ ലഭിച്ച പരാതികളില്‍ നിയമപരമായ വശങ്ങള്‍ പരിശോധിച്ച് വരികയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
അതേസമയം, വിഷയം ഉയര്‍ത്തി സോണിയാ ഗാന്ധിക്കും കോണ്‍ഗ്രസിനുമെതിരെ പ്രതിഷേധം രാജ്യവ്യാപകമാക്കാന്‍ ബിജെപി തീരുമാനിച്ചു. എല്ലാ സംസ്ഥാനങ്ങളിലും സോണിയാ ഗാന്ധിക്കെതിരെ പരാതികള്‍ നല്‍കാനാണ് പാര്‍ട്ടി നീക്കം. പുതിയ വന്ദേമാതര നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹിയിലും കര്‍ണാടകത്തിലും ബിജെപി നേതാക്കള്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല. ആലാപനം മനഃപൂര്‍വം തടസ്സപ്പെടുത്താനാണ് സോണിയ ഗാന്ധി ശ്രമിച്ചതെന്ന് ബിജെപി വാദിക്കുന്നു.
എന്നാല്‍ ആരോപണങ്ങളെ കോണ്‍ഗ്രസ് കര്‍ശനമായി പ്രതിരോധിക്കുകയാണ്. വന്ദേമാതര ബില്‍ ചര്‍ച്ചയില്‍ ജയ്‌റാം രമേശ് രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചാണ് പാര്‍ട്ടി ബിജെപിക്ക് മറുപടി നല്‍കുന്നത്. ദീര്‍ഘനേരം നിര്‍ബന്ധമായി നില്‍ക്കേണ്ടി വന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് ഇരിക്കാന്‍ കസേര ആവശ്യപ്പെടുക മാത്രമാണ് സോണിയാ ഗാന്ധി ചെയ്തതെന്നും ആലാപനം തടസ്സപ്പെടുത്തിയിട്ടില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. സോണിയാ ഗാന്ധിക്ക് പിന്തുണയുമായി തൃണമൂല്‍ കോണ്‍ഗ്രസും ഡിഎംകെയും രംഗത്തെത്തിയിട്ടുണ്ട്.
മതമൗലികവാദികള്‍ക്ക് മുന്നില്‍ കീഴടങ്ങുന്നത് കോണ്‍ഗ്രസിന്റെ സ്ഥിരം നയമായി മാറിയെന്നും പ്രീണന രാഷ്ട്രീയത്തിനായി കോണ്‍ഗ്രസ് സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കുകയാണെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ വിമര്‍ശിച്ചതോടെയാണ് വന്ദേമാതര ആലാപന വിവാദം പുതിയ രാഷ്ട്രീയ തലങ്ങളിലേക്ക് കടന്നിരിക്കുന്നത്.
Comments
No comments yet. Be the first to comment!
Leave a Comment