Monday, August 17, 2026
India News

UGC നെറ്റ് പുനഃപരീക്ഷ: NTAക്കെതിരെ പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ മാര്‍ച്ച് നടത്തും

UGC നെറ്റ് പുനഃപരീക്ഷ: NTAക്കെതിരെ പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ മാര്‍ച്ച് നടത്തും

ന്യൂഡല്‍ഹി: യുജിസി നെറ്റ് പരീക്ഷയില്‍ മൂന്ന് വിഷയങ്ങള്‍ക്ക് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്കെതിരെ (NTA) പ്രതിഷേധം ശക്തമാകുന്നു. എന്‍ടിഎ തുടര്‍ച്ചയായി വിദ്യാര്‍ത്ഥികളുടെ ഭാവിയെ അപകടത്തിലാക്കുകയാണെന്ന് ആരോപിച്ച് എസ്എഫ്‌ഐ, NSUI തുടങ്ങിയ പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ എന്‍ടിഎ ആസ്ഥാനത്തേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുവാന്‍ തീരുമാനിച്ചു. ഏജന്‍സിയെ പൂര്‍ണ്ണമായി പിരിച്ചുവിടണമെന്നും എന്‍ടിഎയുടെ നിരന്തരമായ വീഴ്ചകളില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും വിദ്യാര്‍ത്ഥി സംഘടനകള്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ജൂണില്‍ നടന്ന പരീക്ഷയിലെ ചോദ്യപേപ്പറുമായി ബന്ധപ്പെട്ട് ഗുരുതരമായ പരാതികളാണ് ഉയര്‍ന്നുവന്നത്. ചോദ്യങ്ങളിലെ അക്ഷരത്തെറ്റുകള്‍, വ്യാകരണ പിഴവുകള്‍, വിവര്‍ത്തനത്തിലെ പാളിച്ചകള്‍, ഒരേ ചോദ്യങ്ങള്‍ തന്നെ വീണ്ടും ആവര്‍ത്തിച്ചു വന്നത് തുടങ്ങിയ പ്രശ്‌നങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാണിച്ചിരുന്നു. പരാതികള്‍ക്ക് പിന്നാലെ എന്‍ടിഎ രൂപീകരിച്ച വിദഗ്ധ സമിതി വിഷയം പരിശോധിക്കുകയും മൂന്ന് വിഷയങ്ങളില്‍ വീണ്ടും പരീക്ഷ നടത്താന്‍ ശുപാര്‍ശ ചെയ്യുകയുമായിരുന്നു.

ഇംഗ്ലീഷ്, കൊമേഴ്‌സ്, സോഷ്യോളജി എന്നീ വിഷയങ്ങളിലാണ് ഇപ്പോള്‍ പുനഃപരീക്ഷ പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത മാസം സെപ്റ്റംബര്‍ 9, 10 തീയതികളിലായാണ് പരീക്ഷകള്‍ നടക്കുക. സെപ്റ്റംബര്‍ 9-ന് രാവിലെ 9 മുതല്‍ 12 വരെ ഇംഗ്ലീഷ് പരീക്ഷയും, അന്ന് ഉച്ചതിരിഞ്ഞ് 3 മുതല്‍ 6 വരെ കൊമേഴ്‌സ് പരീക്ഷയും നടക്കും. സെപ്റ്റംബര്‍ 10-ന് രാവിലെ 9 മുതല്‍ 12 വരെയാണ് സോഷ്യോളജി പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്.

പുനഃപരീക്ഷ എഴുതുന്ന പരീക്ഷാര്‍ഥികള്‍ വീണ്ടും ഫീസ് അടയ്‌ക്കേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പരീക്ഷാ കേന്ദ്രങ്ങളുടെ വിവരങ്ങളും അഡ്മിറ്റ് കാര്‍ഡും എന്‍ടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പിന്നീട് ലഭ്യമാക്കും. ചോദ്യപേപ്പര്‍ നിര്‍മ്മാണത്തില്‍ വരുത്തിയ ഗുരുതരമായ അനാസ്ഥയാണ് നൂറുകണക്കിന് വിദ്യാര്‍ത്ഥികളെ വീണ്ടും പരീക്ഷ എഴുതേണ്ട അവസ്ഥയിലേക്ക് തള്ളിയിട്ടതെന്ന വിമര്‍ശനം ശക്തമായി നിലനില്‍ക്കുകയാണ്.




Related News

Comments

No comments yet. Be the first to comment!

Leave a Comment