Friday, August 14, 2026
India News

സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശം: രാഹുല്‍ ഗാന്ധിക്കെതിരായ വിദ്വേഷ പ്രസംഗക്കേസ് സുപ്രീംകോടതി റദ്ദാക്കി

 സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശം: രാഹുല്‍ ഗാന്ധിക്കെതിരായ വിദ്വേഷ പ്രസംഗക്കേസ് സുപ്രീംകോടതി റദ്ദാക്കി


ന്യൂഡല്‍ഹി: വി.ഡി. സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശങ്ങളുടെ പേരില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ഉത്തര്‍പ്രദേശില്‍ രജിസ്റ്റര്‍ ചെയ്ത വിദ്വേഷ പ്രസംഗക്കേസ് സുപ്രീംകോടതി റദ്ദാക്കി. ഐപിസി 153എ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ നടപടികളുമായി മുന്നോട്ടുപോകാന്‍ ആവശ്യമായ സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ഉണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.

ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, ഷീല്‍ നാഗു എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ആവശ്യമായ അനുമതിയില്ലാത്ത സാഹചര്യത്തില്‍ കേസുമായി മുന്നോട്ടുപോകാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഇതോടെ മജിസ്‌ട്രേറ്റ് പുറപ്പെടുവിച്ച സമന്‍സ് ഉള്‍പ്പെടെയുള്ള തുടര്‍നടപടികളും റദ്ദായി.

2022ല്‍ ഭാരത് ജോഡോ യാത്രയ്ക്കിടെയാണ് രാഹുല്‍ ഗാന്ധി സവര്‍ക്കര്‍ക്കെതിരെ പരാമര്‍ശം നടത്തിയത്. സവര്‍ക്കറെ ബ്രിട്ടീഷുകാരുടെ സേവകനെന്ന് വിശേഷിപ്പിച്ചെന്നും ഇതുസംബന്ധിച്ച് വാര്‍ത്താസമ്മേളനത്തില്‍ പരാമര്‍ശിക്കുകയും ലഘുലേഖ വിതരണം ചെയ്യുകയും ചെയ്‌തെന്നുമാരോപിച്ച് ഒരു അഭിഭാഷകനാണ് ലക്‌നൗ കോടതിയില്‍ പരാതി നല്‍കിയത്.

രാഹുല്‍ ഗാന്ധി ഹാജരാകണമെന്ന് നിര്‍ദേശിച്ച് 2024 നവംബറില്‍ ലക്‌നൗ സെഷന്‍സ് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ രാഹുല്‍ ഗാന്ധി നല്‍കിയ ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളിയതോടെയാണ് വിഷയം സുപ്രീംകോടതിയിലെത്തിയത്.

കേസ് നേരത്തെ പരിഗണിച്ച വേളയില്‍ സുപ്രീംകോടതി രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങളെ വിമര്‍ശിച്ചിരുന്നു. ചരിത്രപരമായ കാര്യങ്ങള്‍ മനസ്സിലാക്കാതെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് കോടതി നിരീക്ഷിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ മുത്തശ്ശിയും മുന്‍ പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധി സവര്‍ക്കറെ പുകഴ്ത്തി കത്തെഴുതിയിരുന്ന കാര്യം അറിയാമോയെന്നും കോടതി ചോദിച്ചിരുന്നു.


Related News

Comments

No comments yet. Be the first to comment!

Leave a Comment