Friday, August 14, 2026
Kerala News

മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരിലെ തട്ടിപ്പ്; സര്‍ക്കാര്‍ ഉടന്‍ അന്വേഷണം പ്രഖ്യാപിച്ചേക്കും

മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരിലെ തട്ടിപ്പ്; സര്‍ക്കാര്‍ ഉടന്‍ അന്വേഷണം പ്രഖ്യാപിച്ചേക്കും



തിരുവനന്തപുരം: മെസ്സിയെയും അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയെന്ന ആരോപണമുള്ള തട്ടിപ്പില്‍ സര്‍ക്കാര്‍ ഉടന്‍ അന്വേഷണം പ്രഖ്യാപിച്ചേക്കും. കായിക വകുപ്പ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്. നിയമസാധ്യത പരിശോധിച്ച ശേഷം അന്വേഷണം ഏത് രീതിയില്‍ വേണമെന്നതില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കും.

സര്‍ക്കാരിനുണ്ടായ സാമ്പത്തിക നഷ്ടം, നികുതി വെട്ടിപ്പ്, സ്‌പോണ്‍സറുടെ സാമ്പത്തിക ഇടപാടുകള്‍ എന്നിവ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടും. വിദേശ പണമിടപാട്, കള്ളപ്പണം വെളുപ്പിക്കല്‍, സര്‍ക്കാര്‍ സംവിധാനങ്ങളുടെ ദുരുപയോഗം തുടങ്ങിയ ഗുരുതര ആരോപണങ്ങളും കായിക വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.

കഴിഞ്ഞ സര്‍ക്കാരും സ്‌പോണ്‍സറും തമ്മില്‍ അവിശുദ്ധ ഇടപാടുകള്‍ നടന്നതായും കായിക വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ കണ്ടെത്തലുണ്ടെന്നാണ് വിവരം. റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച ശേഷമായിരിക്കും തുടരന്വേഷണം സംബന്ധിച്ച തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളുക. വിഷയത്തിന്റെ ഗൗരവത്തെക്കുറിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

അതേസമയം, സംസ്ഥാന സര്‍ക്കാരിന് ചില്ലിക്കാശ് പോലും നഷ്ടമുണ്ടായിട്ടില്ലെന്നും വ്യാജ ഇടപാടില്‍ സര്‍ക്കാര്‍ ചട്ടവിരുദ്ധമായി ഇടപെട്ടിട്ടില്ലെന്നുമായിരുന്നു മുന്‍ മന്ത്രി വി. അബ്ദുറഹ്‌മാന്റെയും സ്‌പോണ്‍സറുടെയും പ്രതികരണം. എന്നാല്‍ കായിക വകുപ്പിന്റെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ക്ക് പിന്നാലെ രേഖകള്‍ പുറത്തുവന്നതോടെ ഈ വാദങ്ങള്‍ ചോദ്യം ചെയ്യപ്പെടുകയാണ്.

മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന വാഗ്ദാനവുമായി ബന്ധപ്പെട്ട തട്ടിപ്പിലും ചട്ടലംഘനത്തിലും കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇടപെട്ടതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നതായാണ് റിപ്പോര്‍ട്ടിലെ സൂചന. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് സ്റ്റേഡിയം കൈമാറാന്‍ നിര്‍ദേശം നല്‍കിയതെന്നും കണ്ടെത്തലുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment