കണ്ണൂര്‍ ചെറുപുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരണപ്പെട്ട രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാതെ കൊണ്ടുപോയ സംഭവത്തില്‍ പയ്യന്നൂര്‍ തഹസില്‍ദാര്‍ പോള്‍ കെ.പിയെ സസ്‌പെന്‍ഡ് ചെയ്യാന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് റവന്യൂ വകുപ്പ് മന്ത്രി എ.പി. അനില്‍കുമാര്‍ നിര്‍ദേശം നല്‍കി.
ജില്ലാ കളക്ടര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ നടപടി. സംഭവത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു. രാജേഷിന്റെ കുടുംബത്തിന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വേണ്ട എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
മൃതദേഹത്തോട് അനാദരവ് കാണിച്ചതില്‍ തഹസില്‍ദാര്‍ക്ക് വീഴ്ച പറ്റിയതായി കുടുംബവും ആരോപിച്ചിരുന്നു. ഫ്രീസറില്ലാത്ത ആംബുലന്‍സില്‍ മൃതദേഹം മാറ്റുന്നതിന്റെ കൂടുതല്‍ ദൃശ്യങ്ങളും ഇന്ന് പുറത്തുവന്നിരുന്നു. മൂന്നുദിവസം കഴിഞ്ഞാണ് രാജേഷിന്റെ മൃതദേഹം ലഭിക്കുന്നത്. വെള്ളത്തില്‍ കിടന്ന് അഴുകിത്തുടങ്ങിയ മൃതദേഹം കണ്ണൂര്‍ പരിയാരം ആശുപത്രിയില്‍ നിന്ന് പൊതിഞ്ഞുകെട്ടി കൊടുത്തു വിട്ടത് ഫ്രീസര്‍ സൗകര്യം പോലുമില്ലാത്ത ആംബുലന്‍സില്‍ . തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ ചാവക്കാട് വച്ച് കാര്യങ്ങള്‍ ശരിയല്ലെന്ന് മനസ്സിലായതോടെ ആംബുലന്‍സില്‍ നിന്ന് മറ്റൊരാംബുലന്‍സിലേക്ക് മൃതദേഹം മാറ്റിക്കയറ്റേണ്ട അവസ്ഥ വരെയുണ്ടായി.
ഫ്രീസര്‍ സൗകര്യമുള്ള ആംബുലന്‍സ് വേണമെന്ന് കളക്ടറോട് നേരിട്ട് ആവശ്യപ്പെട്ടിരുന്നെന്നും വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ഷന നടപടി വേണമെന്നും പയ്യന്നൂര്‍ MLA വി. കുഞ്ഞികൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു. ശനിയാഴ്ചയാണ് നേമം സ്വദേശിയായ രാജേഷ് ഒഴുക്കില്‍പ്പെട്ട് മരിക്കുന്നത്.
Comments
No comments yet. Be the first to comment!
Leave a Comment