പത്തനംതിട്ട: ആറന്മുളയില്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി എത്തിയ ഓഫ് റോഡ് വാഹനത്തിന് പിഴ ചുമത്തിയ സംഭവത്തില്‍ നടപടി. പിഴ ചുമത്തിയ മോട്ടോര്‍ വാഹന വകുപ്പ് (എംവിഡി) ഉദ്യോഗസ്ഥനെ ഗതാഗത വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു.
ആറന്മുള എംഎല്‍എ അബിന്‍ വര്‍ക്കി ഗതാഗത മന്ത്രിയുമായി നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് നടപടി ഉണ്ടായത്. അതേസമയം, വാഹനത്തിന് ചുമത്തിയ പിഴത്തുക യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി അടയ്ക്കുമെന്ന് എംഎല്‍എ അറിയിച്ചിരുന്നു.
പ്രളയബാധിതരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനായി ഓഫ് റോഡ് വാഹനം ആറന്മുളയില്‍ സേവനമനുഷ്ഠിച്ചുവരികയായിരുന്നു. മെഴുവേലി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഹനത്തിനാണ് എംവിഡി പിഴ ചുമത്തിയത്.
ദുരിതാശ്വാസ പ്രവര്‍ത്തനത്തിനിടെയാണ് വാഹനം ഉപയോഗിച്ചിരുന്നതെന്നും, വാഹനത്തിന്റെ സ്‌പെയര്‍ പാര്‍ട്‌സ് വാങ്ങുന്നതിനായി അടൂരിലെത്തിയപ്പോഴാണ് മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തി പിഴ ചുമത്തിയതെന്നും വാഹന ഉടമ വ്യക്തമാക്കി.
അതേസമയം, നിയമലംഘനത്തെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചതെന്നാണ് എംവിഡിയുടെ വിശദീകരണം. ഉയര്‍ന്ന ശേഷിയുള്ള ലൈറ്റുകളാണ് വാഹനത്തില്‍ ഘടിപ്പിച്ചിരുന്നതെന്നും അവ പ്രവര്‍ത്തിപ്പിച്ചാല്‍ എതിര്‍ദിശയില്‍ വരുന്ന വാഹനയാത്രികരുടെ സുരക്ഷയ്ക്ക് ഭീഷണിയാകാന്‍ സാധ്യതയുണ്ടെന്നും വകുപ്പ് അറിയിച്ചു.
ദുരിതാശ്വാസ പ്രവര്‍ത്തനത്തിനിടെയല്ല പരിശോധന നടത്തിയതെന്നും, സാധാരണ വാഹന പരിശോധനയുടെ ഭാഗമായാണ് നടപടി സ്വീകരിച്ചതെന്നും എംവിഡി അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തതോടെ വിഷയം കൂടുതല്‍ ചര്‍ച്ചയായിരിക്കുകയാണ്.
Comments
No comments yet. Be the first to comment!
Leave a Comment