തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് വിതരണവുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഉദ്യോഗസ്ഥരും കരാറുകാരും ഉള്‍പ്പെട്ട ഗുരുതരമായ ക്രമക്കേടാണ് ആരോപിക്കപ്പെടുന്നതെന്നും അതിനാല്‍ വിജിലന്‍സ് അന്വേഷണം മാത്രം മതിയാകില്ലെന്നും ദേവസ്വം മന്ത്രി കെ. മുരളീധരന്‍ വ്യക്തമാക്കി.
വിഷയത്തില്‍ ദേവസ്വം വിജിലന്‍സിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് നാളെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. റിപ്പോര്‍ട്ട് ലഭിച്ച ഉടന്‍ തന്നെ പ്രത്യേക ക്രൈംബ്രാഞ്ച് സംഘത്തെ അന്വേഷണത്തിന് നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
ദേവസ്വം ബോര്‍ഡ് ജീവനക്കാരും ഇടനിലക്കാരും ഉള്‍പ്പെട്ടിട്ടുള്ളതായി കണ്ടെത്തിയ സാഹചര്യത്തില്‍ സമഗ്രമായ അന്വേഷണം അനിവാര്യമാണെന്ന് മന്ത്രി വ്യക്തമാക്കി. അതുകൊണ്ടാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെടുന്നതെന്നും ഇത് ദേവസ്വം വകുപ്പിന്റെ ഔദ്യോഗിക നിലപാടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, വിഷയത്തില്‍ പ്രതികരിച്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍, ടെന്‍ഡര്‍ നടപടികളില്‍ പൂര്‍ണ സുതാര്യത ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ സംഭവത്തില്‍ നിന്ന് ലഭിച്ച പ്രധാന പാഠമെന്ന് പറഞ്ഞു. എന്നാല്‍ കേസിന്റെ വിശദാംശങ്ങളെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല.
Comments
No comments yet. Be the first to comment!
Leave a Comment