പത്തനംതിട്ട: കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്നതിനാല്‍ ആറന്മുളയില്‍ പ്രളയഭീഷണി കൂടുതല്‍ രൂക്ഷമാകുന്നു. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് സമീപമുള്ള നിരവധി പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. ദുരിതബാധിതരെ സുരക്ഷിത കേന്ദ്രങ്ങളിലെത്തിക്കാന്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുകയാണ്.
കൊല്ലത്ത് നിന്ന് കൂടുതല്‍ മത്സ്യബന്ധന വള്ളങ്ങള്‍ എത്തിച്ച് രക്ഷാപ്രവര്‍ത്തനം ശക്തിപ്പെടുത്തിയിട്ടുണ്ട്. വെള്ളത്തില്‍ കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്.
റാന്നിയില്‍ നിന്ന് ഒഴുകിയെത്തുന്ന പ്രളയജലം ആറന്മുളയില്‍ ജലനിരപ്പ് ഉയരാന്‍ കാരണമാകുന്ന സാഹചര്യത്തില്‍ പ്രദേശം അതീവ ജാഗ്രതയിലാണ്. റാന്നിയിലെ വെള്ളം കുറയുന്നതിനനുസരിച്ച് ആറന്മുളയില്‍ ജലനിരപ്പ് ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.
പലയിടങ്ങളിലും ആളുകള്‍ വീടുകളില്‍ കുടുങ്ങിക്കിടക്കുകയാണ്. കൈയില്‍ കിട്ടിയ അത്യാവശ്യ സാധനങ്ങളും വളര്‍ത്തുമൃഗങ്ങളുമായി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാനുള്ള തിരക്കിലാണ് പ്രദേശവാസികള്‍. ദുരന്തനിവാരണ സേനയും മറ്റ് രക്ഷാസംഘങ്ങളും സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
Comments
No comments yet. Be the first to comment!
Leave a Comment