Friday, July 24, 2026
India News

ഗുജറാത്തിലും അസമിലും കനത്തമഴ; പ്രളയസമാന സാഹചര്യം, ആയിരങ്ങൾ ദുരിതത്തിൽ

ഗുജറാത്തിലും അസമിലും കനത്തമഴ; പ്രളയസമാന സാഹചര്യം, ആയിരങ്ങൾ ദുരിതത്തിൽ

മുംബൈ: കനത്ത മഴയെ തുടർന്ന് ഗുജറാത്തിലും അസമിലും പ്രളയസമാന സാഹചര്യം തുടരുന്നു. അസമിൽ മഴക്കെടുതിയുമായി ബന്ധപ്പെട്ട മരണസംഖ്യ 47 ആയി ഉയർന്നു. ഗുജറാത്തിൽ വെള്ളപ്പൊക്കത്തെ തുടർന്ന് 22,000-ത്തിലധികം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു. നിരവധി പ്രദേശങ്ങളിൽ റോഡ്, റെയിൽ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ ഗുജറാത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചു.

ഗുജറാത്തിൽ കനത്ത മഴയെ തുടർന്ന് പലയിടത്തും വ്യാപകമായ വെള്ളക്കെട്ട് രൂപപ്പെട്ടു. വൽസാദ് ജില്ലയിലെ ഉമർഗാമിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,064 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. സൂറത്ത്, നവ്സാരി ഉൾപ്പെടെയുള്ള ജില്ലകളിലെ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.

മുംബൈ–അഹമ്മദാബാദ് ദേശീയപാതയിൽ വെള്ളം കയറിയതോടെ ഗതാഗതം സാരമായി ബാധിച്ചു. മണ്ണിടിച്ചിലിനെ തുടർന്ന് റെയിൽ സർവീസുകളും തടസ്സപ്പെട്ടു. സംസ്ഥാനത്തെ 12 പ്രധാന പാതകൾ അടച്ചതായും അധികൃതർ അറിയിച്ചു.

ദമൻ ഗംഗ, പാർ, ഔറംഗ നദികൾ കരകവിഞ്ഞൊഴുകിയതാണ് പ്രളയ സാഹചര്യം രൂക്ഷമാക്കിയത്. പാർപ്പിട സമുച്ചയങ്ങളും വ്യവസായ മേഖലകളും ഉൾപ്പെടെ നിരവധി പ്രദേശങ്ങൾ വെള്ളത്തിലായി. ദുരിതബാധിതരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുന്നതിനും രക്ഷാപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായി സർക്കാർ സംവിധാനങ്ങൾ പ്രവർത്തനം തുടരുകയാണ്.

Related News

Comments

No comments yet. Be the first to comment!

Leave a Comment