കൊച്ചി: ഡെന്റല്‍ കോളേജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ക്രൈം ബ്രാഞ്ചിന്റെ വീഴ്ചയെ ചൂണ്ടിക്കാട്ടി ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കേസില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. സാധാരണക്കാര്‍ക്ക് നീതി ഉറപ്പാക്കാനാണ് കോടതികള്‍ നിലകൊള്ളുന്നതെന്നും അവ ഇന്നും ശക്തമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ജസ്റ്റിസ് എ. ബദറുദ്ദീന്‍ വ്യക്തമാക്കി.
കേസിലെ പ്രതിയായ ഡോ. എം. കെ. റാമിന്റെ അറസ്റ്റില്‍ ഉണ്ടായ വീഴ്ചയെ തുടര്‍ന്നാണ് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയെയും എസ്പിയെയും ഹൈക്കോടതി നേരിട്ട് ഹാജരാക്കിയത്. ഇത്രയും ഗൗരവമേറിയ കേസില്‍ ഇത്തരമൊരു പിഴവ് എങ്ങനെ സംഭവിച്ചുവെന്ന് ഡിവൈഎസ്പിയോട് കോടതി ചോദിച്ചു. പ്രതിയെ സംരക്ഷിക്കാനുള്ള ശ്രമമാണോ നടത്തിയതെന്നും ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണോ നടപടികള്‍ സ്വീകരിച്ചതെന്നും കോടതി ആരാഞ്ഞു.
അന്വേഷണത്തില്‍ ആവശ്യമായ മേല്‍നോട്ടം ഉറപ്പാക്കുന്നതില്‍ എസ്പിക്കും വീഴ്ച സംഭവിച്ചതായി കോടതി നിരീക്ഷിച്ചു. ചില കേസുകളില്‍ പോലീസിന്റെ ഇടപെടല്‍ പരിതാപകരമാണെന്നും പ്രമാദമായ കേസുകളില്‍ പ്രതികളെ പിടികൂടാന്‍ പോലും കോടതിക്ക് ഇടപെടേണ്ട സാഹചര്യം ഉണ്ടാകുന്നതായും കോടതി വിമര്‍ശിച്ചു.
ഈ കേസില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്ത പക്ഷം കോടതി അന്വേഷണത്തിന് ഉത്തരവിടേണ്ടി വരുമെന്നും ജസ്റ്റിസ് എ. ബദറുദ്ദീന്‍ മുന്നറിയിപ്പ് നല്‍കി. സാധാരണക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും നീതി ഉറപ്പാക്കാനുമാണ് കോടതികള്‍ നിലകൊള്ളുന്നതെന്നും അത് ഒരിക്കലും ഇല്ലാതായിട്ടില്ലെന്നും കോടതി വ്യക്തമാക്കി.
Comments
No comments yet. Be the first to comment!
Leave a Comment