തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പില്‍ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലംമാറ്റാന്‍ നിര്‍ദേശിച്ച് മന്ത്രി കെ.എം. ഷാജി പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്ക് നല്‍കിയ കുറിപ്പ് പുറത്തായതോടെ പുതിയ വിവാദം. നാനൂറോളം സെക്രട്ടറിമാരുടെ സ്ഥലംമാറ്റത്തിന് നിര്‍ദേശം നല്‍കിയതായാണ് പുറത്തുവന്ന രേഖയില്‍ വ്യക്തമാകുന്നത്.
തദ്ദേശ വകുപ്പിന്റെ ഔദ്യോഗിക ലെറ്റര്‍പാഡില്‍ തയ്യാറാക്കിയ കുറിപ്പ് ഈ മാസം എട്ടിനാണ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്ക് കൈമാറിയത്. പിന്നീട് ജില്ലാതല ഉദ്യോഗസ്ഥരുടെ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ രേഖ പ്രചരിച്ചതോടെയാണ് വിഷയം പുറത്തറിഞ്ഞത്.
ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ സുതാര്യമായി നടത്തേണ്ട പൊതുസ്ഥലംമാറ്റ പ്രക്രിയയെ മറികടക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നാണ് ഉയരുന്ന ആക്ഷേപം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 2026-ലെ പൊതുസ്ഥലംമാറ്റത്തിനായി ഓണ്‍ലൈനായി അപേക്ഷകള്‍ ക്ഷണിച്ചിരുന്നെങ്കിലും തുടര്‍നടപടികള്‍ പൂര്‍ത്തിയായിരുന്നില്ല. സീനിയോറിറ്റി, പരാതികള്‍, ആക്ഷേപങ്ങള്‍ എന്നിവ പരിഗണിച്ച് പട്ടിക അന്തിമമാക്കിയ ശേഷമാണ് സാധാരണയായി സ്ഥലംമാറ്റം നടപ്പാക്കേണ്ടത്.
കഴിഞ്ഞ തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പുകളും നിയമസഭാ തിരഞ്ഞെടുപ്പും സെന്‍സസ് നടപടികളും കാരണം പൊതുസ്ഥലംമാറ്റം നടത്താനായില്ലെന്ന് മന്ത്രിയുടെ കുറിപ്പില്‍ വിശദീകരിക്കുന്നു. വിവിധ തദ്ദേശസ്ഥാപന അധ്യക്ഷന്മാര്‍ നേരിട്ടും രേഖാമൂലവും ഭരണസമിതി തീരുമാനങ്ങളുടെ അടിസ്ഥാനത്തിലും സ്ഥലംമാറ്റം ആവശ്യപ്പെട്ടതായി ചൂണ്ടിക്കാട്ടിയാണ് ഉചിതമായ നടപടി സ്വീകരിക്കണമെന്ന് പ്രിന്‍സിപ്പല്‍ ഡയറക്ടറോട് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.
Comments
No comments yet. Be the first to comment!
Leave a Comment