Tuesday, September 1, 2026
Kerala News

പയ്യന്നൂരിലെ ഒന്നര വയസ്സുകാരന്റെ മരണം പ്രത്യേക സംഘം അന്വേഷിക്കണം; കുടുംബം ആഭ്യന്തര മന്ത്രിക്ക് നിവേദനം നല്‍കി

പയ്യന്നൂരിലെ ഒന്നര വയസ്സുകാരന്റെ മരണം പ്രത്യേക സംഘം അന്വേഷിക്കണം; കുടുംബം ആഭ്യന്തര മന്ത്രിക്ക് നിവേദനം നല്‍കി

പയ്യന്നൂരില്‍ ഒന്നര വയസ്സുകാരന്‍ ദേവാന്‍ഷ് ശൗര്യ ചികിത്സാ പിഴവിനെത്തുടര്‍ന്ന് മരിച്ച സംഭവത്തില്‍ അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് കുടുംബം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നിവേദനം നല്‍കി. കേസില്‍ നിലവിലുള്ളവര്‍ക്ക് പുറമെ കൂടുതല്‍ ഡോക്ടര്‍മാരെ പ്രതി ചേര്‍ക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ പയ്യന്നൂര്‍ പോലീസാണ് ഈ കേസ് അന്വേഷിക്കുന്നത്. സംഭവത്തില്‍ ചികിത്സാ പിഴവ് സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ജില്ലാതല വിദഗ്ധ സമിതിയെയും നിയോഗിച്ചിട്ടുണ്ട്. ഈ സമിതിയുടെ നടപടികളില്‍ തൃപ്തിയുണ്ടെങ്കിലും കേസ് അന്വേഷണം കൂടുതല്‍ ഊര്‍ജ്ജിതമാക്കണമെന്നാണ് മാതാപിതാക്കള്‍ ആഭ്യന്തര മന്ത്രിയെ നേരില്‍ കണ്ട് ആവശ്യപ്പെട്ടത്.

ആഭ്യന്തര മന്ത്രിക്ക് പുറമെ ഗവണ്‍മെന്റ് പ്ലീഡറെയും കണ്ട് കുടുംബം തങ്ങളുടെ ആശങ്കകള്‍ പങ്കുവെച്ചിട്ടുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (DMO) അധ്യക്ഷനായ ജില്ലാതല വിദഗ്ധ സമിതി അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ തന്നെ ഡിവൈഎസ്പിക്ക് കൈമാറുമെന്നാണ് വിവരം. ഈ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലായിരിക്കും പോലീസ് കേസില്‍ തുടര്‍ന്നുള്ള നിയമനടപടികളിലേക്ക് കടക്കുക.

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ വീണ് പരുക്കേറ്റ കുഞ്ഞിനെ മുഖത്തെയും ചുണ്ടിലെയും മുറിവിന് തയ്യല്‍ (സ്റ്റിച്ച്) ഇടുന്നതിനായാണ് പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍, ഒരു സെന്റിമീറ്ററില്‍ താഴെ മാത്രം നീളമുള്ള നിസ്സാര മുറിവായിരുന്നിട്ടും കുഞ്ഞിന് ഡോക്ടര്‍മാര്‍ ജനറല്‍ അനസ്തീഷ്യ നല്‍കുകയായിരുന്നു. ഇത്രയും ചെറിയ പരുക്കിന് അനസ്തീഷ്യ നല്‍കേണ്ട യാതൊരു സാഹചര്യവും ഇല്ലായിരുന്നു എന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. അനസ്തീഷ്യ നല്‍കി പത്ത് മിനിറ്റിനുള്ളില്‍ തന്നെ കുഞ്ഞിന്റെ മസ്തിഷ്‌കത്തിലേക്കുള്ള രക്തയോട്ടം നിലയ്ക്കുകയും മരണം സംഭവിക്കുകയുമായിരുന്നു എന്നാണ് കുടുംബത്തിന്റെ പരാതി.


Related News

Comments

No comments yet. Be the first to comment!

Leave a Comment