Thursday, July 16, 2026
Kerala News

വിദേശത്തേക്ക് കടക്കാന്‍ സാധ്യത; യൂട്യൂബര്‍ തൊപ്പിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

വിദേശത്തേക്ക് കടക്കാന്‍ സാധ്യത; യൂട്യൂബര്‍ തൊപ്പിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

കൊച്ചി: പ്രമുഖ യൂട്യൂബര്‍ തൊപ്പി എന്ന മുഹമ്മദ് നിഹാദിനെതിരെ പൊലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. സമൂഹമാധ്യമങ്ങളിലൂടെ സുഹൃത്തുക്കളുടെ നഗ്‌നചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു എന്ന പരാതിയില്‍ എറണാകുളം റൂറല്‍ സൈബര്‍ പൊലീസാണ് ഈ നിര്‍ണായക നടപടി സ്വീകരിച്ചത്. കേസിലെ മറ്റൊരു പ്രതിയും തൊപ്പി ഗ്യാങ്ങിലെ അംഗവുമായ മമ്മു എന്ന മുഹമ്മദിനെ കോഴിക്കോട് സ്വദേശിനിയുടെ പരാതിയില്‍ മഞ്ചേരി പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഒളിവില്‍ പോയ നിഹാദിനെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ശക്തമാക്കിയത്.

പ്രതി വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിക്കാന്‍ പൊലീസ് തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി നിഹാദിന്റെ പാസ്പോര്‍ട്ട് വിവരങ്ങള്‍ പൊലീസ് ശേഖരിക്കുകയും വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് ജാഗ്രതാ നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതിനുപുറമെ പൊലീസിന്റെ നിര്‍ദേശപ്രകാരം നിഹാദിന്റെ യൂട്യൂബ് ചാനല്‍ കഴിഞ്ഞ ദിവസം നീക്കം ചെയ്യുകയും ചെയ്തു. യൂട്യൂബ് ലൈവ് സ്ട്രീമിങ്ങിലൂടെ സ്ത്രീകളെയും സുഹൃത്തുക്കളെയും വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നിഹാദും സംഘവും തുടര്‍ച്ചയായി നടത്തിയിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

അതേസമയം, നിഹാദിനെതിരെ മുന്‍ സുഹൃത്തുക്കളും എംആര്‍എസ് ഗ്യാങ് അംഗങ്ങളുമായ മമ്മുവും ഷമീറും നേരത്തെ തന്നെ കടുത്ത വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരുന്നു. വര്‍ഷങ്ങളോളം ഒപ്പം നിര്‍ത്തി അടിമകളെപ്പോലെയാണ് നിഹാദ് തങ്ങളോട് പെരുമാറിയതെന്നും, ജോലിക്ക് യാതൊരുവിധ പ്രതിഫലവും നല്‍കാതെ ശാരീരികമായി ഉപദ്രവിക്കുകയും മുഖത്ത് ചവിട്ടുകയും ചെയ്തിരുന്നതായും ഇവര്‍ ആരോപിച്ചിരുന്നു. ക്യാമറയ്ക്ക് മുന്നില്‍ മാത്രമാണ് നിഹാദ് നല്ലവനായി അഭിനയിക്കുന്നതെന്നും സുഹൃത്തുക്കള്‍ വെളിപ്പെടുത്തിയിരുന്നു. ഈ തര്‍ക്കങ്ങള്‍ക്കും വെളിപ്പെടുത്തലുകള്‍ക്കുമൊടുവിലാണ് മുന്‍ സുഹൃത്തുക്കളെയും അവരുടെ കുടുംബങ്ങളെയും ലക്ഷ്യമിട്ട് നിഹാദ് ലൈവ് വീഡിയോകളിലൂടെ അധിക്ഷേപം തുടര്‍ന്നതും പിന്നീട് നഗ്‌നദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതും.

നിലവില്‍ പ്രതിയെ പിടികൂടാനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. പ്രതിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പൊലീസ് എറണാകുളം സെഷന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും സൈബര്‍ ഉപദ്രവങ്ങളും അടങ്ങിയ ഇത്തരം ഉള്ളടക്കങ്ങള്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും, ഐടി ആക്ട് ഉള്‍പ്പെടെയുള്ള ശക്തമായ വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തുമെന്നും പൊലീസ് വ്യക്തമാക്കി.




Related News

Comments

No comments yet. Be the first to comment!

Leave a Comment