അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകളുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന സാമ്പത്തിക ക്രമക്കേട് വിവാദങ്ങളില്‍ കൂടുതല്‍ ഗുരുതരമായ വെളിപ്പെടുത്തലുകള്‍ പുറത്ത്. ക്ഷേത്രത്തിലേക്ക് സംഭാവനയായി നല്‍കിയ, അഞ്ച് കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം പൂശിയ രാമചരിതമാനസ് കാണാനില്ലെന്ന പരാതിയുമായി മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി എസ്. ലക്ഷ്മിനാരായണന്‍ രംഗത്തെത്തി. തന്റെ കുടുംബം സമര്‍പ്പിച്ച ഈ അമൂല്യ ഗ്രന്ഥം കാണാനില്ലെന്ന് ഏതാനും മാസങ്ങള്‍ക്ക് ശേഷം ക്ഷേത്രം സന്ദര്‍ശിച്ച ബന്ധുക്കളാണ് ആദ്യം തിരിച്ചറിഞ്ഞതെന്ന് അദ്ദേഹം പറയുന്നു. സ്വര്‍ണ രാമചരിതമാനസ് സമര്‍പ്പിച്ചപ്പോള്‍ തനിക്ക് ഔദ്യോഗിക രസീത് നല്‍കിയിരുന്നില്ലെന്നും ലക്ഷ്മിനാരായണന്‍ വ്യക്തമാക്കി.
വിഷയം സംബന്ധിച്ച് ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ക്കും ജനറല്‍ സെക്രട്ടറി ചമ്പത് റായിക്കും പലതവണ പരാതി നല്‍കിയിട്ടും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്ന് മുന്‍ ആഭ്യന്തര സെക്രട്ടറി ആരോപിക്കുന്നു. സംഭാവനാ കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് (SIT) ഇതുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. അതേസമയം, അയോധ്യയിലെ മഠാധിപതികള്‍ ചമ്പത് റായിയെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റേണ്ടതില്ലെന്ന നിലപാടിലാണ്. വിവാദങ്ങള്‍ ശക്തമായി തുടരുന്നതിനിടെ, സ്ഥിതിഗതികള്‍ വിലയിരുത്താന്‍ രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് നാളെ നിര്‍ണായക യോഗം ചേരും.
ഇതിനിടെ, അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പാര്‍ലമെന്റിലേക്കും നീങ്ങുകയാണ്. രാമക്ഷേത്ര ട്രസ്റ്റിനെ വിവരാവകാശ നിയമത്തിന്റെ (RTI) പരിധിയില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ.എം രാജ്യസഭാ നേതാവ് ജോണ്‍ ബ്രിട്ടാസ് എം.പി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് കത്തയച്ചു. ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകളില്‍ പൂര്‍ണ്ണമായ സുതാര്യതയും പൊതു ഉത്തരവാദിത്തവും ഉറപ്പുവരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തങ്ങളുടെ നിലപാട് പുനഃപരിശോധിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
Comments
No comments yet. Be the first to comment!
Leave a Comment