കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനുള്ളില്‍ (ടിഎംസി) മുഖ്യമന്ത്രി മമത ബാനര്‍ജിയും വിമത വിഭാഗവും തമ്മിലുള്ള അധികാരത്തര്‍ക്കം അത്യന്തം നാടകീയമായ തലത്തിലേക്ക്. പാര്‍ട്ടിയുടെ പേരിനും ഔദ്യോഗിക ചിഹ്നത്തിനുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതിന് പിന്നാലെ, കൊല്‍ക്കത്തയിലെ ഔദ്യോഗിക പാര്‍ട്ടി ആസ്ഥാനമായ തൃണമൂല്‍ ഭവന്‍ വിമത വിഭാഗം പിടിച്ചെടുത്തു. ഡല്‍ഹിയില്‍ നിന്നും മടങ്ങിയെത്തിയ റിതബ്രത ബാനര്‍ജി, ഫിര്‍ഹാദ് ഹക്കീം എന്നിവരുടെ നേതൃത്വത്തിലുള്ള വിമത സംഘമാണ് പാര്‍ട്ടി ഓഫീസിന്റെ നിയന്ത്രണം പൂര്‍ണ്ണമായി ഏറ്റെടുത്തത്.
ഓഫീസിനുള്ളില്‍ അടിയന്തിര യോഗം ചേര്‍ന്ന വിമത നേതാക്കള്‍, മമത അനുകൂലികള്‍ പ്രവേശിക്കാതിരിക്കാന്‍ ഗേറ്റുകള്‍ പുതിയ പൂട്ടുകള്‍ ഉപയോഗിച്ച് പൂട്ടി. ഇനിമുതല്‍ തൃണമൂല്‍ ഭവന്‍ കേന്ദ്രീകരിച്ചായിരിക്കും തങ്ങളുടെ ഔദ്യോഗിക പ്രവര്‍ത്തനമെന്ന് പ്രഖ്യാപിച്ച ഇവര്‍, കെട്ടിടത്തിന് പുറത്ത് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പുതിയ ബാനറും സ്ഥാപിച്ചു. മുതിര്‍ന്ന എംഎല്‍എ അരൂപ് റോയിയെ പാര്‍ട്ടിയുടെ പുതിയ ചെയര്‍മാനായി വിമതവിഭാഗം പ്രഖ്യാപിച്ചതോടെ പാര്‍ട്ടിയിലെ പിളര്‍പ്പ് ഔദ്യോഗികമായിരിക്കുകയാണ്. 28 വര്‍ഷത്തെ പാര്‍ട്ടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് മമത ബാനര്‍ജി ഇപ്പോള്‍ നേരിടുന്നത്.
അതിനിടെ, വിമതരുടെ നീക്കത്തിനെതിരെ മമതയെ പിന്തുണയ്ക്കുന്ന നേതാക്കള്‍ രംഗത്തുവന്നു. വിമത നേതാക്കളെ ക്രിമിനലുകള്‍ എന്ന് വിശേഷിപ്പിച്ച മമത ക്യാമ്പ്, പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടവര്‍ ആസ്ഥാന മന്ദിരത്തില്‍ അതിക്രമിച്ചുകയറിയെന്ന് ആരോപിച്ച് പൊലീസില്‍ പരാതി നല്‍കി. മദന്‍ മിത്ര, കുനാല്‍ ഘോഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നല്‍കിയിരിക്കുന്നത്. മുന്‍ അംഗങ്ങള്‍ക്ക് പാര്‍ട്ടി ഓഫീസില്‍ കയറാന്‍ യാതൊരു അവകാശവുമില്ലെന്ന് കുനാല്‍ ഘോഷ് വ്യക്തമാക്കി. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് തൃണമൂല്‍ ഭവന് മുന്നില്‍ വന്‍തോതില്‍ പൊലീസിനെയും കേന്ദ്ര സേനയെയും വിന്യസിച്ചിട്ടുണ്ട്.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും മമത വിഭാഗം കടുത്ത വിമര്‍ശനം ഉന്നയിച്ചു. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട വിമതര്‍ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ എങ്ങനെ കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയെന്ന് മുതിര്‍ന്ന നേതാവ് സൗഗത റോയ് ചോദിച്ചു. എന്നാല്‍, ഇരുവിഭാഗത്തോടും പാര്‍ട്ടിയുടെ സംഘടനയുമായി ബന്ധപ്പെട്ട രേഖകളും അവകാശവാദങ്ങളും ജൂലൈ 6-നകം സമര്‍പ്പിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. മമത ബാനര്‍ജിയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജിക്ക് പാര്‍ട്ടിയില്‍ ലഭിക്കുന്ന അമിത പ്രാധാന്യത്തില്‍ പ്രതിഷേധിച്ചാണ് കഴിഞ്ഞ മാസം 58 എംഎല്‍എമാരുടെ പിന്തുണയോടെ റിതബ്രത ബാനര്‍ജിയുടെ നേതൃത്വത്തില്‍ പാര്‍ട്ടിയില്‍ കലാപം തുടങ്ങിയത്. ഇവരെ നിയമസഭാ സ്പീക്കര്‍ ഔദ്യോഗിക നിയമസഭാ കക്ഷിയായി അംഗീകരിച്ചിരുന്നു. ഈ നീക്കങ്ങള്‍ക്ക് പിന്നില്‍ ബിജെപിയുടെ ഗൂഢാലോചനയാണെന്നാണ് മമത ക്യാമ്പ് ആരോപിക്കുന്നത്.
Comments
No comments yet. Be the first to comment!
Leave a Comment