Friday, July 17, 2026
Kerala News

സഹപാഠികള്‍ പീഡിപ്പിച്ചെന്ന 13കാരിയുടെ പരാതി വ്യാജം: പരാതി നല്‍കിയത് സഹപാഠിക്ക് പ്രണയം തോന്നാത്തതുകൊണ്ട്

സഹപാഠികള്‍ പീഡിപ്പിച്ചെന്ന 13കാരിയുടെ പരാതി വ്യാജം: പരാതി നല്‍കിയത് സഹപാഠിക്ക് പ്രണയം തോന്നാത്തതുകൊണ്ട്

പത്തനംതിട്ടയില്‍ സഹപാഠികള്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്ന പതിമൂന്നുകാരിയുടെ പരാതി വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി. സഹപാഠിയായ ഒരു ആണ്‍കുട്ടിക്ക് തന്നോട് പ്രണയം തോന്നാത്തതിലുള്ള വൈരാഗ്യമാണ് ഇത്തരമൊരു പരാതി നല്‍കാന്‍ കാരണമായതെന്ന് പെണ്‍കുട്ടി പിന്നീട് പൊലീസിന് മൊഴി നല്‍കി. ഇതോടെ പെണ്‍കുട്ടിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് എഫ്.ഐ.ആറുകളും ക്ലോസ് ചെയ്യാനും കേസ് അവസാനിപ്പിക്കാനും പൊലീസ് തീരുമാനിച്ചു.

തുടക്കത്തില്‍ പത്ത് സഹപാഠികളുടെ പേരുകളായിരുന്നു പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ പൊലീസ് പത്തുപേരെയും കണ്ടെത്തുകയും, ആറുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. സ്‌കൂളിലെ ശുചിമുറിയില്‍ വെച്ച് ഉള്‍പ്പെടെ പീഡനം നടന്നുവെന്നായിരുന്നു പെണ്‍കുട്ടിയുടെ ആദ്യ പരാതി. എന്നാല്‍ പിന്നീട് നടത്തിയ വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വ്യക്തമായി. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് സഹപാഠികള്‍ ആരും തന്നെ പീഡിപ്പിച്ചിട്ടില്ലെന്ന് പെണ്‍കുട്ടി മൊഴി മാറ്റിയത്.

പൊലീസിന് മുന്നിലും മജിസ്ട്രേറ്റിന് മുന്നിലും പെണ്‍കുട്ടി നല്‍കിയ രഹസ്യമൊഴിയില്‍ പീഡനം നടന്നതായി പറഞ്ഞിട്ടില്ല. മൊഴികളിലെ വൈരുദ്ധ്യം വ്യക്തമായതോടെയാണ് കസ്റ്റഡിയിലുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പൊലീസ് വിട്ടയച്ചത്. എഫ്.ഐ.ആറുകള്‍ റദ്ദാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് പൊലീസ് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും. അതേസമയം, ചൈല്‍ഡ് ലൈന് മുന്നില്‍ ഇത്തരമൊരു വ്യാജ മൊഴി നല്‍കാന്‍ പെണ്‍കുട്ടിയെ പ്രേരിപ്പിച്ച സാഹചര്യം എന്താണെന്നതിനെക്കുറിച്ച് പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.


Related News

Comments

No comments yet. Be the first to comment!

Leave a Comment