Friday, July 17, 2026
Kerala News

സര്‍വകലാശാലകളില്‍ നേരിട്ടെത്തി വിലയിരുത്തല്‍; ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുടെ നീക്കത്തില്‍ വിവാദം

 സര്‍വകലാശാലകളില്‍ നേരിട്ടെത്തി വിലയിരുത്തല്‍; ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുടെ നീക്കത്തില്‍ വിവാദം


ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പുതിയ പ്രവര്‍ത്തനശൈലിയുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി. അശോക്. സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലും നേരിട്ട് സന്ദര്‍ശനം നടത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ആദ്യ സന്ദര്‍ശനം തിങ്കളാഴ്ച സാങ്കേതിക സര്‍വകലാശാലയില്‍ നടക്കും.

സര്‍വകലാശാലകളുടെ ഭരണപരവും അക്കാദമികവുമായ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തുകയും പ്രധാന വിവരങ്ങള്‍ പരിശോധിക്കുകയും ചെയ്യുകയാണ് സന്ദര്‍ശനങ്ങളുടെ ലക്ഷ്യമെന്നാണ് ലഭിക്കുന്ന വിവരം. വകുപ്പിന് കീഴിലുള്ള എല്ലാ സര്‍വകലാശാലകളിലും സമാനമായ സന്ദര്‍ശനങ്ങള്‍ തുടര്‍ന്നും ഉണ്ടാകുമെന്നാണ് സൂചന.

എന്നാല്‍ സെക്രട്ടറിയുടെ ഈ നീക്കത്തിനെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. സര്‍വകലാശാലകള്‍ സ്വയംഭരണ സ്ഥാപനങ്ങളായതിനാല്‍ അവയുടെ ഭരണകാര്യങ്ങളില്‍ വകുപ്പ് സെക്രട്ടറിക്ക് നേരിട്ട് ഇടപെടാന്‍ അധികാരമില്ലെന്നാണ് ആക്ഷേപം. നിലവിലെ നടപടി ചട്ടവിരുദ്ധമാണെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.

ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ചുമതലയേറ്റതിന് പിന്നാലെ വൈസ് ചാന്‍സലര്‍മാരെയും രജിസ്ട്രാര്‍മാരെയും ഉള്‍പ്പെടുത്തി ബി. അശോക് വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചതും ശ്രദ്ധ നേടിയിരുന്നു. വകുപ്പിന് കീഴിലുള്ള ഒമ്പത് സര്‍വകലാശാലകളിലെ ഉദ്യോഗസ്ഥരെയാണ് ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സര്‍വകലാശാലകളുമായി വേഗത്തിലും കാര്യക്ഷമമായും ആശയവിനിമയം നടത്തുന്നതിനായാണ് ഗ്രൂപ്പ് ആരംഭിച്ചതെന്നായിരുന്നു വകുപ്പിന്റെ വിശദീകരണം. എന്നാല്‍, സ്വയംഭരണ സ്ഥാപനങ്ങളായ സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന്റെ നേരിട്ടുള്ള ഇടപെടല്‍ വര്‍ധിക്കുമെന്ന ആശങ്ക ഒരു വിഭാഗം വൈസ് ചാന്‍സലര്‍മാര്‍ പ്രകടിപ്പിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment