Friday, July 17, 2026
Kerala News

സംസ്ഥാനത്ത് മഴ തുടരുന്നു; ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് മഴ തുടരുന്നു; ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം:  കേരളത്തില്‍ വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്ച വരെ സംസ്ഥാനത്തുടനീളം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് നിര്‍ദേശം. നിലവിലുള്ള കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ഇന്ന് സംസ്ഥാനത്തെ 11 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. മോശം കാലാവസ്ഥ തുടരുന്നതിനാല്‍ കേരള-കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള മീന്‍പിടിത്ത നിരോധനം കര്‍ശനമായി തുടരുകയാണ്.

തീരദേശ മേഖലകളില്‍ കടലാക്രമണ ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ തീരങ്ങളില്‍ ഇന്ന് രാത്രി പതിനൊന്നര വരെ 3 മുതല്‍ 3.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ക്കും ശക്തമായ കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠനഗവേഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരും മത്സ്യത്തൊഴിലാളികളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

തുടര്‍ച്ചയായ മഴ കണക്കിലെടുത്ത് ഇന്ന് തൃശൂര്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. താലൂക്കുകളില്‍ നിന്നുള്ള അടിയന്തിര റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലും ജില്ലയിലെ പ്രധാന ജലാശയങ്ങളിലും ഡാമുകളിലും ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയരുന്ന സാഹചര്യത്തിലുമാണ് വിദ്യാര്‍ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തി കളക്ടര്‍ അവധി ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകള്‍ക്കും വിവിധ ഇന്റര്‍വ്യൂകള്‍ക്കും ഈ അവധി ബാധകമായിരിക്കില്ലെന്ന് കളക്ടര്‍ വ്യക്തമാക്കി.

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകള്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. അപകട മേഖലകളില്‍ ഉള്ളവര്‍ ജാഗ്രത പുലര്‍ത്തണം. സംസ്ഥാന ദുരന്തനിവാരണ വകുപ്പും ജില്ലാ ഭരണകൂടവും നല്‍കുന്ന ഔദ്യോഗിക മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും പൊതുജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment